ശനിയാഴ്‌ച, ജനുവരി 30, 2010

ഒരു മോഷണം.

ഉച്ച ഊണ് കഴിഞ്ഞു ഒരു മയക്കം പതിവാണ് രാജമ്മക്കും, കേശവന്‍ ചേട്ടനും. അന്ന് പക്ഷെ അവര്‍ക്ക് ഉറക്കം വന്നില്ല. കാരണം വീട്ടില്‍ വന്നിരിക്കുന്ന മകള്‍ ലീലയുടെ ബന്ധുക്കള്‍ക്ക് വേണ്ടി അവള്‍ പ്രത്യേകിച്ചു പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ട് ലക്ഷ്മിയമ്മ അടുക്കളയില്‍ ഇപ്പൊ ഭയങ്കര തിരക്കിലാണ്. അതിന്റെ മണവും, ശബ്ദവും ഒക്കെ അവരുടെ ഉറക്കം കെടുത്തി.
ഉച്ചക്ക് ഊണ് മേശയില്‍ വിവിധ നാമകരണത്തില്‍ , തിളങ്ങുന്ന കണ്ണാടി പാത്രങ്ങളില്‍ അലങ്കരിച്ചു വെച്ച കോഴി കറികള്‍ താങ്കളെ മാടി മാടി വിളിച്ചിട്ടും , മകള്‍ ലീലാമ്മയുടെ വക പ്രശ്ശരിനും ശുഗരിനും ഉള്ള പ്രത്യേക പഥ്യ ആഹാരം തന്നെ കഴിച്ചു അതൃപ്തി ഒന്നും ഇല്ല എന്ന് അഭിനയിച്ചു തളര്ന്നിരിക്കുകയാണ് അവര്‍.

ഇപ്പൊ
ഉണ്ടാക്കുന്ന പലഹാരങ്ങള്‍ എങ്കിലും തരാന്‍ ലീലയ്ക്കു തോന്നിക്കണേ എന്ന് അവര്‍ ഭഗവാനോട് അപേക്ഷിച്ചുകൊണ്ട്‌ അടുക്കള ഭാഗത്തേക്ക് എത്തിനോക്കാന്‍ പോയി.

ലക്ഷ്മിയമ്മ ഉണ്ണിയപ്പം ചുടുന്നതിന്റെ തിരക്കിലാണ്.
" ലക്ഷ്മി, ഇന്ന് ഉച്ചക്ക് തല ഒന്ന് ചായ്ക്കാനും കൂടി നേരം കിട്ടിയില്ല അല്ലെ ". സ്വരത്തില്‍ വളരെ അധികം ശുഷ്കാന്തി കലര്‍ത്തി ഈ ചോദ്യം എടുത്തു വിട്ടത് രാജമ്മ തന്നെ. ലക്ഷ്മി എന്ന ലക്ഷ്മി കുട്ടിക്ക് രാജമ്മയോടും കേശവന്‍ ചേട്ടനോടും ഒരിത്തിരി സ്നേഹവും കൂറും ഒക്കെ ഉണ്ട്. ലീലാമ്മ കൊടുക്കുന്ന ശമ്പളത്തിന് പുറമേ ഇടയ്ക്കു ഒരു നൂറും അമ്പതും ഒക്കെ ഇവരുടെ കയ്യില്‍ നിന്നും കിട്ടാറുണ്ട് അവര്‍ക്ക്. " രാജി ചേച്ചിയെ , എങ്ങനെ കിടക്കാനാ, കണ്ടില്ലേ ചായക്ക്‌ ഉണ്ണിയപ്പം തന്നെ വേണം എന്ന് വാശി പിടിച്ചിരിക്കുകയ ലീലാമ്മ കൊച്ചിന്റെ നാത്തൂന്‍ ".
പിന്നെ എന്തോ വലിയ രഹസ്യം പറയുന്ന പോലെ സ്വരം താഴ്ത്തി അവര്‍ പറഞ്ഞ് " ലീലാമ്മ കൊച്ചു പ്രത്യേകം പറഞ്ഞിട്ടുണ്ട് നിങ്ങള്ക്ക് രണ്ടു പേര്‍ക്കും ഉണ്ണിയപ്പം തരാനേ പാടില്ല എന്ന്. കേശവന്‍ ചേട്ടന്‍ ശുഗരില്ലെങ്ങിലും പ്രഷര്‍ ഉണ്ടല്ലോ, നിങ്ങള്‍ക്കാണേല്‍ രണ്ടും ഉണ്ട്. പക്ഷെ എന്റെ മനസ്സ് കേള്‍ക്കുന്നില്ല, ഞാന്‍ നിങ്ങള്ക്ക് ഒരു അഞ്ചു ഉണ്ണിയപ്പം മാറ്റി വെച്ചിടുണ്ട്. നിങ്ങള്‍ അത് ആരും കാണാതെ കഴിച്ചെക്കണം . ഞാന്‍ കുറച്ചു കഴിഞ്ഞു അങ്ങോട്ട്‌ കൊണ്ട് തരാം ".

റൂമിലേക്ക്‌ തിരിച്ചു നടക്കുമ്പോ രാജമ്മ ഓര്‍ക്കുകയായിരുന്നു , എന്നും രാവിലെ ലീലാമ്മ, ഒട്ട്സില്‍ നിറയെ പാലും പഞ്ചസാര തീരെ കുറച്ചും ചേര്‍ത്ത് അച്ഛനും അമ്മയ്ക്കും കൊടുക്കണം എന്ന് ലക്ഷ്മിയോട് പറയുമ്പോ ലക്ഷ്മി തീരെ കുറച്ചു പാലും ഒരിത്തിരി കൂടുതല്‍ പഞ്ചസാരയും ഇട്ടിട്ടു കൊണ്ട് തരും. ബാക്കിയുള്ള പാലില്‍ ബൂസ്റ്റ്‌ കലക്കി ആര്‍ത്തിയോടെ കുടിക്കുന്ന അവളെ എത്രയെ തവണ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതിന്റെ പെരില്ലുള്ള നന്ദിയാണ് അവള്‍ ഇപ്പൊ കാണിച്ചത്.


റൂമില്‍ ചെന്ന് കേറിയതും കേശവന്‍ ചേട്ടന്‍ തര്‍ക്കം തുടങ്ങി.
" രാജി അഞ്ചു ഉണ്ണിയപ്പം, അപ്പൊ അതില്‍ മൂന്നു എനിക്ക് രണ്ടു നിനക്ക് ".
" അമ്പട കേമ, എന്തിനു, എനിക്ക് മൂന്നും നിങ്ങള്ക്ക് രണ്ടും ആയികൂടെ".
" നിനക്ക് ഷുഗര്‍ ഉണ്ടല്ലോ, അത് മറന്നുവോ ?"
" ഓ പിന്നെ ഒരു ഉണ്ണിയപ്പം കൂടിയത് കൊണ്ട് എന്റെ ഷുഗര്‍ കൂടി ഞാന്‍ ചത്തൊന്നും പോവില്ല. എനിക്ക് മൂന്നെണ്ണം വേണം ".
അവര്‍ രണ്ടു പേരുടെയും തര്‍ക്കം കുറച്ചു നേരം നീണ്ടു നിന്ന്. പിന്നെ എപ്പോഴോ കേശവന്‍ ചേട്ടന്‍ ഒന്ന് മയങ്ങി.

ആ തക്കം നോക്കി നിന്ന രാജമ്മ അവരുടെ പദ്ധതി ** കൃത്യമായി തന്നെ നിറവേറ്റി.

അന്ന് വൈകുന്നേരം ആരും കാണാതെ അഞ്ചു ഉണ്ണിയപ്പവും രാജമ്മ ഒറ്റയ്ക്ക് തന്നെ കഴിച്ചു തീര്‍ത്തു.

അകത്തെ
മുറിയില്‍ അപ്പൊ ലീലാമ്മ " പല്ല് സെറ്റ് " കാണാതെ തപ്പി നടക്കുന്ന കേശവന്‍ ചേട്ടനെ ചോദ്യം ചെയ്യുകയായിരുന്നു. " അച്ചാ , ഇതെത്രാമത്തെ തവണയാ , പല്ല് വായില്‍ ഇരിക്കണം, ഇനി ഈ സെറ്റ് കിട്ടുന്നവരെ കഞ്ഞി കുടിച്ചാ മതി. ലക്ഷ്മി നീയും കൂടെ ഒന്ന് സഹായിക്കു , അതൊന്നു കണ്ടു പിടിക്കാന്‍ ".
അപ്പൊ കേശവന്‍ ചേട്ടന്റെ " പല്ല് സെറ്റ് " രാജമ്മയുടെ കിടക്കക്ക് താഴെ പ്ലാസ്റ്റിക്‌ പെട്ടിയില്‍ ഇരുന്നു ഉണ്ണിയപ്പം ആര്‍ത്തിയോടെ കഴിക്കുന്ന രാജമ്മയെ നോക്കി കരയുന്നുണ്ടായിരുന്നു.

(** കഴിക്കുന്നത് മോഷ്ടിക്കാന്‍ പറ്റിയില്ലെങ്ങില്‍ , കഴിക്കാന്‍ ഉപയോഗിക്കുന്ന സാധനം മോഷ്ടിക്കുക :) . അത്ര മാത്രമേ രാജമ്മ ചെയ്തുള്ളൂ. )

ബുധനാഴ്‌ച, ജനുവരി 13, 2010

സുപ്രഭാതം

പകലിന്റെ നീല മേഘങ്ങളേ തള്ളി നീക്കി കൊണ്ട് സന്ധ്യയുടെ കറുത്ത മേഘങ്ങള്‍ ആകാശത്തിനെ കീഴടക്കുന്നത് നോക്കി കൊണ്ടിരിക്കുകയായിരുന്നു ലക്ഷ്മിയമ്മാ.
സുര്യ അസ്തമയം - പുതിയൊരു ഉദയത്തിന്റെ വാഗ്ദാനം അല്ലെ അത് ...........
അവരുടെ ഉള്ളിലെ കവിയത്രി പതുക്കെ മനസ്സില്‍ വരികള്‍ എഴുതി തുടങ്ങി. പക്ഷെ ഇത് വരെ കടലാസില്‍ പകര്‍ത്താന്‍ കഴിയാതെ പോയ മറ്റു ആയിരം ആയിരം വരികളെ പോലെ അതും മനസ്സില്‍ ഇട്ടു മൂടി അവര്‍.
മനസ്സില്‍ വേദന ഉണ്ടെങ്കില്‍ അന്തരീക്ഷത്തിന്‍ തണുപ്പ് തോന്നാറുണ്ട് ലക്ഷിയമ്മക്ക്. അന്നത്തെ സന്ധ്യക്ക്‌ നല്ല തണുപ്പായിരുന്നു. അടുത്തിരിക്കുന്ന വിശ്വേട്ടന്‍ എന്താ ഒന്നും മിണ്ടാത്തത്. എത്ര വിഷമം ഉണ്ടാവും ആ മനസ്സില്‍. ഈ സമയത്ത് ഞാന്‍ ധൈര്യം കൊടുക്കണം. പ്രിയതമന്റെ കയ്യില്‍ പതുക്കെ തൊട്ടു കൊണ്ട് അവര്‍ ചോദിച്ചു. " വിശ്വേട്ടാ, ഇങ്ങനെ ഇരിക്കാന്‍ മാത്രം ഒന്നുമുണ്ടായില്ലല്ലോ. ഞാന്‍ ഇല്ലേ കൂടെ........." പറഞ്ഞ് തീരും മുമ്പേ വാക്കുകള്‍ മുറിഞ്ഞു. ഉദ്ദേശിച്ച ധൈര്യം കാണിക്കാന്‍ അവര്‍ക്കായില്ല.
തെല്ലൊന്നു ഇടറിയ ശബ്ദത്തില്‍ വിശ്വേട്ടന്‍ എന്ന വിശ്വനാഥന്‍ പറഞ്ഞ് തുടങ്ങി.
" ലക്ഷ്മി, നീ ഉണ്ട് കൂടെ, നീ മാത്രമേ ഉണ്ടായിരിന്നുള്ളൂ , അതറിയാന്‍ വൈകി, ആ വിഷമം മാത്രമാണ് ഇപ്പൊ മനസ്സില്‍.
നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ കൊല്ലം നാല്പത്തി ഒന്ന് കഴിഞ്ഞിരിക്കുന്നു. അമ്മ മരിച്ചപ്പോ അനിയനും, അനിയത്തിമാര്‍ക്കും ആ കുറവ് നികത്താന്‍ വന്ന ഏടത്തിയമ്മ . അത് മാത്രമായിരുന്നു നീ അന്നെനിക്ക്. ഒരു നല്ല ഏട്ടനായി ഞാന്‍ അവരെയെല്ലാം കര കേറ്റി. അത് കഴിഞ്ഞു വരുമ്പോഴേക്കും നമ്മള്‍ അച്ഛനും അമ്മയും ആയി. ഒരു നല്ല അച്ചന്‍ ആവാന്‍ ഞാന്‍ കുറെ പാട് പെട്ടു. എന്റെ ആ കര്‍ത്തവ്യവും ഞാന്‍ നന്നായി തന്നെ നിര്‍വഹിച്ചു. എല്ലാറ്റിനും പിന്നില്‍ നീ ഉണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഞാന്‍ നിന്നെ കണ്ടില്ല, കാണാന്‍ ശ്രമിച്ചില്ല. ഇന്ന് നമ്മളെ ഒറ്റയ്ക്ക് ഈ വൃദ്ധ സദനത്തില്‍ വിട്ടിട്ടു പോയ മക്കളാണ് എനിക്കെന്റെ ഭാര്യയെ കാണിച്ചു തന്നത്.
സത്യത്തില്‍r എനിക്കവരോട് കൂടുതല്‍ സ്നേഹവും അതിലേറെ നന്ദിയുമാണ് ഇപ്പൊഴ്. ജീവിത നദിയില്‍a ഒരു കരയില്‍ നിന്ന് അക്കരയെത്താന്‍ നിന്നെ വെറും ഒരു തോണിയാക്കിv അല്ലെ ഞാന്‍ . നിന്നോട് ഞാനെങ്ങനെയാ ഇതിനു മാപ്പ് പറയേണ്ടത്. "
അധികം മിണ്ടാത്ത വിശ്വേട്ടന്‍ അന്നും വാക്കുകള്‍ക്കായി പാടുപെടുന്നത് ലക്ഷിയമ്മ അറിഞ്ഞു.
അവരുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. " വിശ്വേട്ടാ, ഒരിക്കലും എന്നിക്ക് പരാതിയുണ്ടായിട്ടില്ല. ഞാന്‍ നിങ്ങളുടെ ഭാര്യയായി , ഏടത്തിയമ്മ ആയി, മക്കളുടെ അമ്മയായി
വളരെ സന്തോഷവതി തന്നെ ആയിരുന്നു. നിങ്ങള്‍ പറഞ്ഞില്ലേ തോണി , ആ തോണി ആവാന്‍ ഈ ജന്മം മുഴുവന്‍ ഞാന്‍ തയ്യാറാണ്. തന്നില്‍ വിശ്വസിച്ച യാത്രക്കാരെ മറുകര എത്തിക്കുന്ന തോണി എത്ര മഹത്വം ഉള്ളതാണ്. അല്ലെ എന്റെ തോണിക്കാര ? "
" എന്താ വിളിച്ചെ തോണിക്കാര എന്നോ ?"
" അതെ അല്ലോ, ഞാന്‍ തോണി എങ്കില്‍ വിശ്വേട്ടന്‍ തോണിക്കാരന്‍"............

പിറ്റേ ദിവസം പുതിയ ഒരു വര്‍ഷത്തിന്റെ ആരംഭം. അവര്‍ക്ക് പുതിയ ഒരു ജീവിതത്തിന്റെയും . ഇനിയുള്ള കാലം വൃദ്ധ സദനത്തില്‍ സന്തോഷത്തോടെ കഴിയാനുള്ള ദൃഡ നിശ്ചയവുമായി അവര്‍ കൈകോര്‍ത്തു കൊണ്ട് നടന്നു നീങ്ങി.

ലക്ഷിയമ്മയുടെ മനസ്സില്‍ പുതിയ ഒരു കവിത മൊട്ടിട്ടു. അവര്‍ തീരുമാനിച്ചു, ഇത് കടലാസില്‍ പകര്‍ത്തണം.
...........................

ചൊവ്വാഴ്ച, നവംബർ 03, 2009

ചുവന്ന മയില്‍ പീലികള്‍

എല്ലാ ശനിയാഴ്ചയും ഇതു പതിവാണ്. ആതിര തന്നെയാണ് ഏട്ടനെ വിളിച്ചു ഉണര്‍ത്തുക . അവള്ക്ക് അന്ന് വയലിന്‍ ക്ലാസ്സ് ഉണ്ട്. കൃത്യം ഏഴ് മണിക്ക് ഏട്ടനെ വിളിച്ചു എഴുനെല്പിക്കും . എന്നും നേരത്തെ എഴുനെല്‍ക്കുന്ന അനൂപിന് അവധി ദിവസങ്ങളില്‍ നേരത്തെ എഴുനെല്കുക എന്ന് പറഞ്ഞാല്‍ വലിയ സങ്കടം തന്നെ . പക്ഷെ അനിയത്തിടെ കാര്യം ആയതു കൊണ്ടു അവന് വേഗം തന്നെ എഴുനേറ്റു റെഡി ആയി.
അവളുടെ റൂം തുറന്നു കിടക്കുന്നുണ്ടായിരുന്നു. പുറത്തു നിന്നു കൊണ്ടു തന്നെ വിളിച്ചു പറഞ്ഞു " ആതിരേ ഞാന്‍ റെഡി. നീ ഇന്നും ലേറ്റ് ആണ് കേട്ടോ". " കഴിഞ്ഞു ഏട്ടാ, ഞാന്‍ ബുക്ക്‌ എടുക്കട്ടെ. ". റൂമിന് അകത്ത് പോയി നിന്നു കൊണ്ടു അവളുടെ വയലിന്‍ എടുകുംബോഴാന്‍ അവന്‍ കണ്ടത്‌, അവളുടെ ബുക്കില്‍ അവള്‍ കുറെ മയില്‍ പീലികള്‍ വെക്കുകയായിരുന്നു.
" അയ്യട കെട്ടിച്ചു വിടാരായി, എന്നിട്ടും കൊച്ചു കുട്ടികളെ പോലെ മയില്‍ പീലിയും എടുത്ത്‌ ചുറ്റുന്നു. എന്തിനാ ആതി മോളെ ഇതു ".
" ഏട്ടാ, കളിയാക്കണ്ട, ഞാന്‍ മയില്‍പ്പീലികള്‍ പെരുകിയോ എന്ന് നോക്കുകയായിരുന്നു. നിമിഷ പറഞ്ഞു, വെയില്‍ തട്ടാതെ എടുത്ത്‌ വെച്ചാല്‍ മയില്‍ പീലികള്‍ പെരുകും എന്ന്."
" ഓ ഒരു നിമിഷ, പൊടി അവിടുന്ന്, നീ വേഗം വാ, സമയം ആയി ".
ആതിര ഏഴാം ക്ലാസ്സിലാണ്. അനൂപ്‌ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. അവര്‍ തമ്മില്‍ വലിയ പ്രായ വിത്യാസം ഉണ്ടെങ്കിലും ഏട്ടന്‍ അവളുടെ ഏറ്റവും നല്ല കൂട്ടുകാരന്‍ തന്നെ ആണ്.
അവരുടെ അച്ചന്‍ ഒരു സ്വകാര്യ ബാങ്കിലെ മാനേജര്‍ , അമ്മ വീട്ടില്‍ തന്നെ കുട്ടികള്ക്ക് നൃത്തം അഭ്യസിപിക്കുന്നു. ഒരു ചെറിയ സന്തുഷ്ട കുടുംബം.
ഏട്ടനെ പോലെ പഠിക്കാന്‍ മിടുക്കിയല്ലെങ്ങിലും ആതിര ഒരു വലിയ കലാകാരിയാവും എന്നാണു എല്ലാവരും പറയുന്നത്. പാട്ടു, നൃത്തം, കഥാപ്രസംഗം, എന്ന് വേണ്ട എല്ലാ മേലകളിലും അവള്‍ സ്കൂളിന്റെ അഭിമാനമാണ്.

മക്കള്‍ക്ക്‌ ആവശ്യത്തില്‍ കൂടുതല്‍ സ്വാന്തന്ത്ര്യം കൊടുത്താണ് ആതിരയുടെയും അനൂപിന്ടെയും അച്ഛനും അമ്മയും അവരെ വളര്‍ത്തുന്നത്. അവര്‍ അവര്ക്കു ഒരുപാടു സ്വകാര്യതയും അനുവദിച്ചു കൊടുത്തിട്ടുണ്ട്. ആതിര റൂം അടച്ചു കമ്പ്യൂട്ടറിന്റെ മുമ്പില്‍ എപ്പോഴും ഇരിക്കുനത്ത് അവര്ക്കു അറിയാം, പക്ഷെ അവര്‍ അവളെ അതില്‍ നിന്നു പിന്തിരിപ്പിക്കാറില്ല. അമിത നിയന്ത്രണം കുട്ടികളെ വഴി തെറ്റിക്കും എന്നാണു ആ മാതാ പിതാക്കളുടെ ധാരണ.

എന്തായാലും ആ കുടുംബത്തില്‍ സന്തോഷത്തിന്‍ ഒട്ടും കുറവില്ലായിരുന്നു.

ഇപ്പൊ കുറച്ചു ദിവസങ്ങലായിട്ടു ആതിരയില്‍ ഒരു മാറ്റം . അനൂപ്‌ അത് ശ്രദ്ധിച്ചു. പക്ഷെ അനിയത്തിയോട് ഒന്നും ചോദിച്ചില്ല. എപ്പോഴും കലപില സംസാരിക്കാറുള്ള അവള്‍ പെട്ടെന്ന് സൈലന്റ് മോഡില്‍ ആയതു പോലെ , ഒരു മിണ്ടാട്ടം ഇല്ലാതെ..... ഇവള്‍ എന്താ ഇങ്ങനെ, അവന്‍ അമ്മയോട് ചോദിച്ചു. അമ്മയും അത് ശ്രദ്ധിച്ചിരുന്നു.
അമ്മ പക്ഷെ അതിനെ വലിയ കാര്യമാക്കിയില്ല. പഠിത്തം കൂടുല്‍ ഉള്ളത് കൊണ്ടായിരിക്കാം എന്ന പറഞ്ഞു സമാധാനിച്ചു.
ഒരു ദിവസം അവള്‍ മുറ്റത്തെ ചാരൂ കസേരയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു പുസ്തകം. പഠിക്കുകയാണെന്നു കരുതി അനൂപ്‌ ആദ്യം. പിന്നെയും സൂക്ഷിച്ചു നോക്കിയപ്പോഴാന്‍ അറിഞ്ഞത് അവള്‍ മയില്‍ പീലികളെ തലോടി കൊണ്ടിരിക്കുകയാണെന്ന്. അവന്‍ അവളുടെ അരികില്‍ ചെന്നു നിന്നു. " ആതി , പരീക്ഷ അടുത്തില്ലേ മോളെ, പഠിക്കാന്‍ ഒന്നും ഇല്ലേ ?"
അതിന് മറുപടി അവള്‍ പറഞ്ഞില്ല, അതിന് പകരം ഒരു ചോദ്യം " ഏട്ടാ, ചുവന്ന മയില്‍ പീലികള്‍ ഉണ്ടാവുമോ ?"
അവന്‍ അവളെ തുറിച്ചു നോക്കി പറഞ്ഞു, ' നിനക്കു ശെരിക്കും എന്താ ? വട്ടായോ ? ചുവന്ന മയില്‍ പീലി, അങ്ങനെ ഒന്നു ഈ ഭൂലോകത്ത് ഉണ്ടാവില്ല . "
" ഏട്ടന്‍ എന്തിനാ ചൂടാവുന്നെ, ഞാനൊരു സംശയം ചോദിച്ചതല്ലേ ? "
ഒന്നു അമര്‍ത്തി മൂളിയിട്ട് അവന്‍ അവിടെ നിന്നു പോയി.

അന്നൊരു ശനിയാഴ്ച , അനൂപ്‌ തന്നെയാണ് അവളെ വയലിന്‍ ക്ലാസ്സില്‍ കൊണ്ടാക്കിയത്‌. അവളുടെ കയ്യില്‍ പതിവായി എടുക്കാറുള്ള ബുക്കും ഉണ്ടായിരുന്നു. അവള്‍ അന്ന് പതിവില്‍ കൂടുതല്‍ സന്തോഷവതിയായിരുന്നു എന്ന് തോന്നി അനൂപിന് .

അന്ന് നേരം കുറെ വൈകിയിട്ടും ആതിര വീട്ടില്‍ വന്നില്ല. സാധാരണ നിമിഷടെ കൂടെ അവള്‍ ഒരു മണിക്ക് വീടെത്തും. ഇന്നു രണ്ടു മണിയായിട്ടും അവളെ കണ്ടില്ല. നിമിഷയെ വിളിച്ചു അനൂപ്‌, അവള്‍ വീട്ടില്‍ എത്തിയിരിക്കുന്നു.
" നിമിഷ എത്ര മണിക്ക് വീടെത്തി "
" ഒരു മണിക്ക് ഏട്ടാ ."
" ആതിര എവിടെ നിമിഷേ ? "
" ഏട്ടാ, ............."
" പറയു നിമിഷ, എന്താ, അവള്‍ എവിടെ ". അനൂപിന്‍ വല്ലാത്ത പിരിമുറുക്കം.

" ഏട്ടാ, അത്, ................അവള്‍ ഇന്നു ആ ഫ്രെണ്ടിനെ കാണാന്‍ പോയി ".

" ഏത് ഫ്രെണ്ടിനെ ?"

" ഓണ്‍ലൈനില്‍ അവള്‍ പരിചയപെട്ട " ചുവന്ന മയില്‍പ്പീലികള്‍ " എന്ന് പേരുള്ള ഒരു ഫ്രെണ്ടിനെ "

" "ചുവന്ന മയില്‍പ്പീലികള്‍" , ഒരു ഓണ്‍ലൈന്‍ പേരു, ഇതു ഒരു ആണോ പെണ്ണോ, അതെങ്കിലും അറിയുമോ നിങ്ങള്ക്ക് "


" എനിക്കറിയില്ല, അവള്‍ക്കും അറിയില്ല എന്ന് തോന്നുന്നു . ഇന്നു നേരില്‍ കാണാം എന്ന് പറഞ്ഞിട്ട് അവള്‍ പോയിരിക്കുകയാ . ഏട്ടനോട് പറയാതെ പോവുന്നതില്‍ വളരെ സങ്കടം ഉണ്ടായിരുന്നു അവള്ക്ക് . പക്ഷെ ചുവപ്പ് മയില്‍‌പീലി തരാം എന്ന് പറഞ്ഞുവത്ത്രെ അവളുടെ ഫ്രെണ്ട്. അതും കൊണ്ടു വന്നു ഏട്ടന്‍ സര്‍പ്രൈസ് കൊടുക്കാം എന്ന് പറഞ്ഞിട്ടാന്‍ അവള്‍ പോയത് ".

ആ ഫോണ്‍ കാള്‍ കഴിഞ്ഞ ശേഷം അച്ഛനും അമ്മയും അനൂപും കുറച്ചു നേരം തരിച്ചു ഇരുന്നു. മൂന്ന് പേരുടെ മനസ്സിലും അരുതാത്ത കുറെ ചിന്തകള്‍. പക്ഷെ അവര്‍ അത് പരസ്പരം പറഞ്ഞില്ല. മാത്രമല്ല നിമിഷയല്ലാതെ ആതിയുടെമറ്റൊരും ഫ്രെണ്ടിനെയും അവര്‍ക്കറിയില്ല. ഇങ്ങനെ ഒരു ഓണ്‍ലൈന്‍ ഫ്രെണ്ട് അവള്‍ക്ക്‌ ഉണ്ടെന്നും കൂടി അവര്‍ അറിഞ്ഞിരുന്നില്ല. ഇനി അതോര്‍ത്തിട്ടു കാര്യമില്ല എന്ന് മനസിലാക്കിയ അനൂപ്‌ നിമിഷ പറഞ്ഞ സ്ഥലത്തേക്ക് വാണം വിട്ട പോലെ പോയി.
പണി തീരാത്ത ഒരു ബഹുനില കെട്ടിടം. അവിടെ പണി മുടങ്ങിയിട്ട് ഇപ്പൊ മാസം കുറച്ചു ആയി. ഇവിടെയാണോ ആതി ഫ്രെണ്ടിനെ കാണാന്‍ വന്നത്.
അവന്‍ ആ കെട്ടിടത്തിന്‍ അകത്ത് കേറി. ആദ്യത്തെ നിലയില്‍ വെറും പാര്‍കിംഗ് ഏരിയ . അവന്‍ പടികെട്ടിലൂടെ മുകളിലത്തെ നിലയില്‍ കേറാന്‍ തുടങ്ങി. അവന്റെ ഹൃദയ മിടിപ്പും, ഷൂസ് ഇട്ട കാലൊച്ചയും മാത്രമാണ് അവിടെ കെട്ട് കൊണ്ടിരുന്നത്. അവന്‍ അവിടെ ആരും ഉള്ളതായി തോന്നിയില്ല. ഒരു നിലയില്‍ നിന്നു മറ്റൊരു നിലയിലേക്ക് അവന്‍ കേറി കൊണ്ടേ ഇരുന്നു. എവിടെയും ആതിരയെ കണ്ടില്ല. നാലാം നിലയില്‍ എത്തിയപ്പോള്‍ താഴെ ഒരു വെളുത്ത സാധനം കിടക്കുന്നു ,എന്തെന്ന് സൂക്ഷിച്ചു നോക്കി, ആതിയുടെ ഫ്രോക്കിന്റെ ഒരു ചെറിയ തുണ്ടായിരുന്നു അത്.

അവള്ക്ക് എന്തോ വിപത്ത് സംഭാവിച്ച്ച്ചിടുണ്ട് . അവന്റെ മനസ്സില്‍ ആരോ ഇരുന്നു പറയുന്ന പോലെ. അവന്‍ അവളുടെ പേരു ഉറക്കെ വിളിച്ചു നടന്നു . ഒരു അടഞ്ഞ മുറിയുടെ മുമ്പില്‍ എത്തി നിന്നു അവന്റെ തിരച്ചില്‍. ആ വാതില്‍ തുറക്കാന്‍ അവന്റെ കൈകള്‍ക്ക് ബലം ഇല്ലാത്തത് പോലെ. അപ്പോഴേക്കും അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. എങ്ങനെയോ വാതില്‍ തള്ളി തുറന്നു .
ഉള്ളില്‍ അവന്‍ കണ്ട കാഴ്ച , അവന്റെ സമനില തെറ്റിച്ചു .
അവന്റെ പോന്നനിയത്തി ചോരയില്‍ കുളിച്ചു, .........................
ഒരു കശക്കി എറിയപ്പെട്ട പൂവിനെ പോലെ , അല്ല അവള്‍ പൂവായിരുന്നില്ലല്ലോ, വെറും ഒരു പൂ മോട്ടായിരുന്നില്ലേ ?
അവളുടെ അടുത്ത്‌ കുറെ മയില്‍ പീലികള്‍ചിതറി കിടക്കുനുണ്ടായിരുന്നു. അവന്‍ അതില്‍ സൂക്ഷിച്ചു നോക്കി , ഈ മയില്‍ പീലികള്‍ക്ക് ഇപ്പൊ ചുവന്ന നിറം. അവളുടെ ചോരയുടെ ചുവപ്പ്....................

------------------------
ഈയിടെയായി ഇങ്ങനെയുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിന് ആരെയാണ് നമ്മള്‍ കുറ്റക്കാര്‍ ആക്കുക്ക? എന്റെ അഭിപ്രായം നമ്മുടെ നിയമം തന്നെയാണ് ഇതിന്‍ പ്രധാന കാരണം എന്നാണു.
ഒന്നും അറിയാത്ത പിഞ്ചു കുട്ടികളെ പീടിപിക്കുന്ന "ക്രൂര മൃഗങ്ങളെ" ( എനിക്ക് വേറെ ഒരു രീതിയിലും അവരെ വിശേഷിപ്പിക്കാന്‍ കഴിയില്ല ) നമ്മുടെ നിയമം എന്ത് കൊണ്ടു തൂക്കി കൊല്ലുന്നില്ല. നിയമത്തിനെ വെല്ലു വിളിക്കുകയല്ല, പക്ഷെ നിയമത്തില്ലുള്ള ദാക്ഷിണ്യം കാരണമല്ലേ ഇങ്ങനെയുള്ള സംഭവങ്ങള്‍ കൂടി കൊണ്ടേ ഇരിക്കുന്നത്?.
നമ്മുടെ മക്കളോട് നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമോ , " പൊന്നും കുടമേ , ഇവിടെ നീ സുരക്ഷിതയാണ് എന്ന് ?"
- കണ്ണീരോടെ ചുവന്ന മയില്‍ പീലികള്‍.




ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2009

വിശ്വാസം

പെയ്തു തോര്‍ന്ന മഴയുടെ ഒരു അടയാളവും ഇല്ലാതെ ആകാശം നിറയെ നക്ഷത്ര പൊട്ടുകള്‍ . അതിന്‍ ഇടയില്‍ തങ്ങളെ തന്നെ നോക്കി ചിരിക്കുകയാണ് ചന്ദ്രന്‍ എന്ന് തോന്നി അവള്ക്ക്. നോക്കിയിരിക്കെ അതാ ഒരു നക്ഷത്രം വീഴുന്ന പോലെ. അത് പറയാന്‍ അവള്‍ തുടങ്ങവേ അവന്‍ പറഞ്ഞു, " നീ കണ്ടുവോ ഇന്നു ആകാശത്തില്‍ ഒരു നക്ഷത്രം പോലും ഇല്ല. കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം അല്ലെ ".
അത് കേട്ടിട്ട് അവള്‍ ആകാശത്തിലേക്ക് നോക്കി, അവള്‍ക്ക്‌ നക്ഷത്രങ്ങള്‍ കാണാം . ഉടനെ അവള്‍ കണ്ണടച്ചു, " എനിക്ക് തോന്നുന്നതാവും, നക്ഷത്രങ്ങള്‍ ഇല്ല. അവന്‍ പറയുന്നതാന്‍ ശരി , കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം . " അവള്‍ കണ്ണടച്ചു നടന്നു.

പിന്നൊരിക്കല്‍ അവള്‍ അവന്റെ കൂടെ ക്ഷേത്രത്തില്‍ പോകവേ മുല്ല പൂക്കള്‍ കെട്ടുന്ന ഒരു വൃദ്ധയെ കണ്ടു. മുല്ല പൂക്കള്‍ വാങ്ങണം എന്ന് ആഗ്രഹിച്ചെങ്ങിലും അത് അവനോടു പറഞ്ഞില്ല. മുല്ല പൂവിന്റെ മണം അവിടെ ഒക്കെ പരന്നു നില്കുന്നതായി തോന്നി അവള്ക്ക്.
തിരിച്ചു വരവേ അവന്‍ ചോദിച്ചു, " അവിടെ ഒരു വൃദ്ധ പിച്ചി പൂവ് കേട്ടുനുണ്ടായിരുന്നുവല്ലോ , നിനക്കു വേണമായിരുന്നോ ?" അവള്‍ അത് കേട്ടിട്ട് ഓര്ത്തു , " ഞാന്‍ മുല്ലയാണല്ലോ കണ്ടത്, അത് പിച്ചിയായിരുന്നുവോ, ആയിരിക്കും, എനിക്ക് തെറ്റിയതാവും ". മുല്ല പൂവിന്റെ മണം അറിയാതിരിക്കാന്‍ അവള്‍ മൂക്കടച്ച്ചു നടന്നു.

ഒരു വൈകുന്നേരം അവന്റെ കയ്യും പിടിച്ചു നടക്കവേ ദൂരെ കണ്ട തീവണ്ടിപ്പാളം ചൂണ്ടി അവന്‍ പറഞ്ഞു അതില്‍ തീവണ്ടികള്‍ വരാറില്ല അറിയോ . അവള്‍ ഓര്ത്തു " അപ്പൊ ഇന്നലെ ഇതു വഴി പോവുമ്പോ ഞാന്‍ കണ്ടത്ത് എന്തായിരുന്നു". ദൂരെ ഒരു തീവണ്ടിയുടെ ചൂളം അവള്‍ കേട്ടപ്പോ അവള്‍ ചെവി പൊത്തി. " ഇതില്‍ തീവണ്ടി വരില്ല " . അവള്‍ ചെവി പൊത്തി നടന്നു.

ഒരു സുപ്രഭാതത്തില്‍ അവളുടെ മൊബൈല് ഫോണില്‍ അവന്‍ വേണ്ടി മാത്രം സെറ്റ് ചെയ്ത റിംഗ് കേട്ടിട്ടാണ് അവള്‍ എണീറ്റത്‌.
പെട്ടെന്ന് വരണം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു. അവള്‍ വേഗം അണിഞ്ഞൊരുങ്ങി അവന്റെ മുമ്പില്‍ എത്തി.

അവന്റെ കൂടെ ഒരു പെണ്ണ് . ഇവള്‍ ആരാണ് എന്ന് ചോദിക്കുമ്പോലെ അവനെ നോക്കി അവള്‍.
അവന്‍ ആ പെണ്ണിനെ പരിചയ പെടുത്തി. " ഇതു മായ, ഇന്നലെയാണ് ലണ്ടനില്‍ നിന്നു വന്നത്, എന്റെ അമ്മാവന്റെ മോള്‍ . ലണ്ടനില്‍ നല്ല ജോലിയുണ്ട് ഇവള്‍ക്ക് . മൂന്ന് ആഴ്ച കഴിഞ്ഞു തിരിച്ചു പോവും . അതിനിടയില്‍ ഞങ്ങളുടെ കല്യാണം നടത്തണം എന്ന് വീട്ടുക്കാര്‍ തീരുമാനിച്ചു. നീ എന്റെ "ബെസ്റ്റ് ഫ്രണ്ട്" അല്ലെ . അത് കൊണ്ടു നിന്നോട് തന്നെ ഈ കാര്യം ആദ്യം പറയണം എന്ന് തോന്നി.
ഒന്നും മിണ്ടാന്‍ ആവാതെ അവള്‍ നിന്നു, " ഞാന്‍ "ബെസ്റ്റ് ഫ്രണ്ട്" മാത്രം ആയിരുന്നുവോ, ആയിരിക്കാം, അവന്‍ പറയുന്നത് ശരിയായിരിക്കാം, എനിക്കല്ലേ തെറ്റ് പറ്റിയത്‌. വേണ്ടാത്തതൊക്കെ ആലോച്ച്ചിച്ച്ചു കൂട്ടിയത്‌ ഞാന്‍ തന്നെ ആയിരിക്കും ".
അപ്പോഴും അവള്‍ അവന്‍ പറഞ്ഞത് മാത്രം കെട്ട്. അവള്‍ ഒന്നും മിണ്ടിയില്ല. അവള്‍ മിണ്ടാതെ നടന്നു.

അന്ന് രാത്രി തീവണ്ടികള്‍ വരില്ല എന്ന് പറഞ്ഞ തീവണ്ടി പാലത്തില്‍ കൂടി അവള്‍ നടന്നു. അവനില്‍ അവളുടെ വിശ്വാസത്തിനെ തെറ്റാക്കി കൊണ്ടു ഒരു തീവണ്ടി അതിലുടെ വന്നു, അവളെയും കൊണ്ടു പോയി............................

---------------------

ഇതു വിശ്വാസം അല്ല
, വിഡ്ഢിത്തം അല്ലെ ?

ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

മഴ

മഴയെ ഒരു പാട് ഇഷ്ട്ടമായിരുന്നു അവള്ക്ക് .
പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയത്‌ മുതല്‍ , മഴ പെയ്യുമ്പോള്‍ അവള്‍ ഓടി മുറ്റത്തെത്തും. മഴ അവളുടെ പ്രിയ കളികൂടുക്കാരിയായിരുന്നു. മുഖം മേലോട്ട് ഉയര്‍ത്തി പിടിച്ചു അവള്‍ മഴ തുള്ളികളെ ഉമ്മ വെക്കും, മഴ തുള്ളികള്‍ അവളെ തിരിച്ചും.
കുട്ടിക്കാലത്ത് മഴ തുള്ളിയെ കളിക്കാന്‍ കൂട്ട് കൂട്ടി, വലുതായപ്പോ അവള്‍ മഴയെ പ്രണയിച്ചു തുടങ്ങി . ഇടി വെട്ടുമ്ബൊഴ് അവള്‍ക്ക്‌ സന്തോഷമായിരുന്നു, മഴ വരുന്നതിന്റെ സൂചനയല്ലേ അത്.

പതിനെട്ടു മഴക്കാലങ്ങള്‍ അവള്‍ പിന്നിട്ടപൊഴ്, അവളുടെ ജീവിതത്തില്‍ ഒരു മാറ്റം. അവള്‍ വിവാഹിതയായി.

ഇപ്പൊ അവളുടെ ജീവിതത്തില്‍ എന്നും മഴക്കാലം. കാര്‍മേഘങ്ങള്‍ അവളുടെ മനസ്സിലാണ്, നിര്‍ത്താതെ പെയുന്ന മഴ അവളുടെ കണ്ണുകളിലും. ഇപ്പൊ ഇടി വെട്ടുന്നത് കേട്ടാല്‍ അവള്‍ ഓടും, പുറത്തെക്കല്ല, അകത്തേക്ക്..............അവളുടെ വീട്ടിലെ മേല്‍കൂര ചോരുന്നുണ്ട്. അതിന്‍ താഴെ മണ്‍ ചെട്ടികള്‍ നിരത്താനുള്ള ബദ്ധപാട്ടിലാണ് അവള്‍ ...................
_______________
ചില പേര്‍ ആസ്വധിക്കുനത് മറ്റ് ചില പേരുടെ വേദന . വീട്ടിന്റെ ഉള്ളിലിരുന്നു മഴയെ നൊക്കുമ്ബൊഴ് നല്ല രസമായിരിക്കും, പക്ഷെ അതെ മഴയില്‍ നനഞ്ഞു ഒരു ഇടത്താവളം ഇല്ലാത്ത എത്രയോ പേര്ക്ക് മഴ അത്ര രസമില്ലാത്ത ഒരു പ്രതിഭാസം മാത്രം.

വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2009

പ്രണയ വര്‍ണങ്ങള്‍

എന്നോ എപ്പോഴോ ഞാന്‍ ചോദിച്ചു. പ്രണയത്തിന്‍ നിറമുണ്ടോ. എനിക്ക് മറുപടി പറഞ്ഞു , ഒന്നല്ല , ഒരു പാടു പേര്‍.
----
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതും പ്രിയ പത്നിയെ പിരിഞ്ഞു മരുഭൂമിയില്‍ പോയി ഇരിക്കുന്ന ഒരുവന്‍ പറഞ്ഞു - കറുപ്പ് - പ്രണയത്തിന്‍ നിറം കറുപ്പ്. ഉറക്കമില്ലാത്ത ഒരു പാടു രാത്രികളില്‍ അവന്‍ അറിഞ്ഞുവത്ത്രെ പ്രണയത്തിന്‍ നിറം കറുപ്പെന്നു.
----
ആരെയും സത്യ സന്ധമായി സ്നേഹിക്കാന്‍ കഴിയാതെ ജീവിക്കാന്‍ വേണ്ടി ഓരോ " കാമുകനെ സ്നേഹിക്കുന്ന " ഒരുവള്‍ പറഞ്ഞു പച്ച - അവള്‍ എന്നും കണ്ടത്‌ നോട്ടു കെട്ടുകളുടെ പച്ച നിറം മാത്രം.
----
ദിവസവും ഓരോ പുതിയ "ചരക്കു" , എന്ന് പറയുന്ന ഒരുവന്‍ പറഞ്ഞു ചുവപ്പ്- എല്ലാ ദിവസവും അവന്‍ ഓരോ പുതിയ കാമുകിമാര്‍ , സുര്യനെ പോലെ എല്ലാ ദിവസവും ഓരോ പുതിയ ഉദയം പുതിയ അസ്തമയം . അവന്‍ പറഞ്ഞു പ്രണയത്തിന് അസ്തമയ സുര്യന്റെ ചുവപ്പ്.
----
സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിലെ ഗൃഹനാഥന്‍ പറഞ്ഞു - നീല - ഞങ്ങള്‍ പ്രേമിച്ചു, ഒന്നായി, ഞങ്ങളുടെ സ്നേഹം ഞങ്ങളുടെ കുടുംബത്തിനു മൊത്തം പങ്കു വെച്ചു. സ്നേഹത്തിന്റെ ഊഷ്മളമായ കമ്പിളികൊണ്ട്‌ എല്ലാവരെയും പുതപിച്ച്ചു, നീലാകാശം പോലെ വിശാലമായ അവരുടെ പ്രണയത്തിന്‍ നിറം നീല.
----
ഞാന്‍ അവളെ കണ്ടിട്ടില്ല, ഇനി കാണുകയും ഇല്ല, നിറങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല, പക്ഷെ അവള്‍ എന്റെ ജീവിതത്തില്‍ വന്നപോ ഞാന്‍ അറിഞ്ഞു പ്രണയത്തിന്‍ ഒരു നിറമല്ല, അത് ഒരു
" മഴവില്‍ " ആണ്. ( കാഴ്ചയില്ലാത്ത പക്ഷെ സ്നേഹമുള്ള കണ്ണുകളുടെ ഒരു കാഴ്ചപാട് )


________________
പ്രണയത്തിന്‍ സത്യമായും നിറമുണ്ടോ എന്നൊന്നും എന്നിക്കറിയില്ല, ചിലപ്പോ തോന്നും അതിന്‍ ഓരോ ദിവസം ഓരോ നിറം. എന്ത് നിറം ആയാലും കൊള്ളാം പ്രണയം വേണം ജീവിക്കാന്‍, അല്ലെങ്ങില്‍ ജീവിതം നിറമില്ലാത്ത ഒരു ചിത്രം മാത്രം.



ബുധനാഴ്‌ച, സെപ്റ്റംബർ 23, 2009

കല്യാണ പുലിവാലുകള്‍

കൃഷ്ണ പ്രിയാ , മുംബൈ നഗരത്തില്‍ ജനിച്ചു വളര്‍ന്ന ഒരു ഡോക്ടര്‍. പഠിത്തം കഴിഞ്ഞപ്പോ തുടങ്ങി അച്ഛനും അമ്മയും കല്യാണത്തിന്‍ നിര്‍ബന്ധിക്കാന്‍. അവരോട് അവള്‍ മനസ്സിലെ ആഗ്രഹം തുറന്നു പറഞ്ഞു. കൂടെ പഠിച്ച , ഡല്‍ഹിയില്‍ താമസിക്കുന്ന പീറ്റര്‍ എന്ന ക്രിസ്തിയാനിയോടുള്ള അവളുടെ അടുപ്പം അവര്‍ അറിഞ്ഞപ്പോ ഒരു ചെറിയ വിഷമം തോന്നിയെങ്ങിലും മകളുടെ ഇഷ്ട്ടത്തിന്‍ അവര്‍ സമ്മതം മൂളി. അമ്മ പക്ഷെ ഒരു നിബന്ധന വെച്ചു, കല്യാണം നടക്കണമെങ്കില്‍ വലിയമ്മാവന്റെ സമ്മതം കൂടി വേണം.
അമ്മയുടെ അമ്മാവന്‍, വലിയമ്മാവനെന്നു കൃഷ്ണ വിളിക്കുന്ന ശങ്കരന്‍ അമ്മാവന്‍. പാലക്കാട്ടിലെ ഒരു അറിയപെടുന്ന വക്കീല്‍ ആയിരുന്നു. ആവശ്യപെടാതെ തന്നെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വാരി കോരി തരുന്ന ഒരു വ്യക്തി . രണ്ടു മക്കള്‍. ഒരാള്‍ മുംബൈയില്‍ , ഒരാള്‍ ബാംഗളൂരില്‍. അമ്മായി മരിച്ചിട്ട് കൊല്ലം രണ്ടായി. ഒറ്റക്കായിട്ടും തറവാട്‌ വിട്ടു പക്ഷെ വലിയമ്മാവന്‍ എവിടെയും പോയില്ല, പോവില്ല.

അമ്മാവന്‍ കൃഷ്ണയുടെ കാര്യം അറിഞ്ഞതും , ഒരു ചെറിയ ഭൂകമ്പം തന്നെ ഉണ്ടായി. പക്ഷെ അത് കൊണ്ടൊന്നും കൃഷ്ണയുടെ മനസ്സു മാറില്ലാ എന്ന് മനസിലാക്കി അമ്മാവന്‍. എന്നാലും ഇഷ്ട്ടക്കേട്‌ അയാള്‍ ഒളിച്ചു വെക്കാതെ , കനത്ത ഒച്ചയില്‍ പറഞ്ഞു " ശരി ഇനി നിന്റെ വിധി ഇതാനെങ്ങില്‍ ഇതു തന്നെ നടക്കട്ടെ,പക്ഷെ ഒരു കാര്യം ജാതക പൊരുത്തം നോക്കണം. " വലിയമ്മാവന്‍ ആദ്യത്തെ നിര്‍ബന്ധം വെച്ചു.
ചെക്കന്റെ ജാതകം ഇല്ലാത്തതിനാല്‍ ജനിച്ച സമയം വച്ച് അവര്‍ പൊരുത്തം നോക്കി, കൃഷ്ണയുടെ ഭാഗ്യം , നല്ല പൊരുത്തം.

വലിയമ്മാവന്റെ അടുത്ത നിര്‍ബന്ധം കല്യാണം ഹൈന്ദവ രീതിയില്‍ തന്നെ നടത്തണം എന്നായിരുന്നു. പീറ്റര്‍ന്റെ അച്ഛനും അമ്മയ്ക്കും വിഷമമായെങ്ങിലും അവര്‍ അതിനും എസ്സ്‌ പറഞ്ഞു.

അടുത്തത്‌ കല്യാണം പാലക്കാട്ടില്‍ വെച്ചു തന്നെ വേണം എന്ന് പറഞ്ഞു. അവര്‍ അതിനും സമ്മതിക്കേണ്ടി വന്നു

ജാതക പൊരുത്തം, ഹൈന്ദവ രീതിയുലുള്ള കല്യാണം, പാലക്കാട്ടില്‍ വെച്ചു കല്യാണം, ............ എന്തിനധികം , പാചകക്കാരെ വരെ അമ്മാവന്റെ ഇഷ്ടത്തിനായിരുന്നു തീരുമാനിച്ചത്‌.

വലിയമ്മാവന്‍ എന്ത് ചെയ്യുമ്പോഴും ഒരേ ന്യായം. " സമ്പ്രദായം ". അത് വിട്ടിട്ടുള്ള കാര്യങ്ങള്‍ക്ക് ശങ്കരന്‍ ഇല്ല എന്ന് . കൃഷ്ണക്ക് ചിലതിലൊക്കെ ഇത്തിരി എതിര്‍പ്പ് ഉണ്ടായെങ്ങിലും അത് ആരും വക വെച്ചില്ല.

ഉറപ്പിക്കലിന്റെ ദിവസം തീരുമാനിച്ചു, വരുന്ന ഞായറാഴ്ച. ഇനി കല്യാണ തിയതി, പണിക്കര്‍ കുറച്ചു നല്ല മുഹൂര്‍ത്തങ്ങള്‍ കുറിച്ചു കൊടുത്തു. അതുമായി അച്ഛനും അമ്മയും വലിയമ്മാവന്റെ അടുത്തേക്ക് പോയി.

വലിയമ്മാവന്‍ കടലാസിലേക്ക് ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു, " അയ്യേ, ഇതു ശരിയാവില്ല, കുറിച്ചു തന്ന മൂന്നു മുഹൂര്‍ത്തങ്ങളും ശെരിയാവില്ല. ഇതിപ്പോ ഒരു പ്രേമ വിവാഹമല്ലേ, ഇതിനെന്തിനാ ഇപ്പൊ മുഹൂര്‍ത്തം നോക്കുന്നത് , നമുക്കു ഇതു ഗാന്ധി ജയന്തിടെ അന്ന് നടത്താം . ഇതു കേട്ടിട്ട് കൃഷ്ണയും , അച്ഛനും , അമ്മയും അമ്മാവനിതെന്തു പറ്റി ന്ന മട്ടില്‍ അയാളെ നോക്കി നിന്നു. അല്ല എല്ലാറ്റിനും സമ്പ്രദായം എന്നൊക്കെ പറഞ്ഞു " പാടു " പെടുത്തിയ ആള് ഇപ്പൊ പറയുന്നു കല്യാണത്തിന്‍ മുഹൂര്‍ത്തം നോക്കണ്ട എന്ന്.

അതോ ഇനി ശങ്കരന്‍ അമ്മാവന്‍ ഗന്ധിയനാണോ, അതാണോ ഗാന്ധി ജയന്തി തന്നെ മതി എന്ന് പറഞ്ഞത്. ഹേ അല്ല , ഗന്ധിയനോന്നും അല്ല. പിന്നെ എന്താ ?.

അധികം ആര്ക്കും ആലോചിച്ചു നിക്കേണ്ടി വന്നില്ല, വലിയമ്മാവന്‍ " കാരണം " പറഞ്ഞു
" നമ്മളിപ്പോ എല്ലാം നോക്കണ്ടേ, നല്ല ദിവസം എന്നൊക്കെ പറഞ്ഞിട്ട് ലീവ് അല്ലാത്ത ദിവസങ്ങളില്‍ കല്യാണം നടത്തിയാല്‍ എത്ര ആള്‍ക്കാര്‍ക്കാ ബുദ്ധിമുട്ടു. രാജീവും , രമേശും ( അമ്മാവന്റെ മക്കള്‍ ) പിന്നെ മറ്റുള്ളവര്‍ക്കും ഒക്കെ സൌകര്യമാവണ്ടേ, ഗാന്ധി ജയന്തി വെള്ളിയാഴ്ച, പിന്നെ ശനിയും , ഞായറും ലീവ്. മൂന്നു ദിവസം ഒരുമിച്ചു കിട്ടും. അതല്ലേ സൗകര്യം. "

" ഇങ്ങനെ തന്നെ വേണം..... അത് തന്നെ മതി...... എന്നൊക്കെ എല്ലാവരെയും എത്ര നെട്ടോട്ടം ഒട്ടിച്ചു ഓരോ കാര്യത്തിനും, എന്നിട്ട് ഇപ്പൊ പറയുന്നു സൗകര്യം നോക്കിയാല്‍ മതിയെന്ന്. മറ്റുള്ളവരുടെ അസൌകര്യങ്ങള്‍ കണക്കിലെടുക്കാതെ എത്ര മാത്രം വാശി പിടിച്ചു , അപ്പൊ സൌകര്യ കേടു തോന്നിയില്ലേ നിങ്ങള്ക്ക് . സ്വന്തം സൗകര്യം കണക്കിലെടുത്തപ്പോ " സമ്പ്രദായം " ഒക്കെ കാറ്റത്ത് അല്ലെ ." ഇങ്ങനെയൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു കൃഷ്ണക്ക്, പക്ഷെ ചോദിച്ചില്ല. വാക്കുകള്‍ നാവില്‍ തന്നെ തരിച്ചു നിന്നു.................

അങ്ങനെ കൃഷ്ണ പ്രിയ വിവാഹിതയാവുന്നു.... ഗാന്ധി ജയന്തിടെ അന്ന്.
എല്ലാവര്ക്കും സ്വാഗതം.
_______________________________
ശങ്കരന്‍ അമ്മാവനെ പോലെ കുറെ പേര്‍ ഭൂലോകത്ത് ഉണ്ട്. അവരുടെ വിശ്വാസങ്ങള്‍ മിക്കവാറും സൗകര്യം അനുസരിച്ചാണ്. പക്ഷെ അവര്‍ ഇതു ഒരിക്കലും സമത്തിക്കില്ല.