ബുധനാഴ്‌ച, സെപ്റ്റംബർ 23, 2009

കല്യാണ പുലിവാലുകള്‍

കൃഷ്ണ പ്രിയാ , മുംബൈ നഗരത്തില്‍ ജനിച്ചു വളര്‍ന്ന ഒരു ഡോക്ടര്‍. പഠിത്തം കഴിഞ്ഞപ്പോ തുടങ്ങി അച്ഛനും അമ്മയും കല്യാണത്തിന്‍ നിര്‍ബന്ധിക്കാന്‍. അവരോട് അവള്‍ മനസ്സിലെ ആഗ്രഹം തുറന്നു പറഞ്ഞു. കൂടെ പഠിച്ച , ഡല്‍ഹിയില്‍ താമസിക്കുന്ന പീറ്റര്‍ എന്ന ക്രിസ്തിയാനിയോടുള്ള അവളുടെ അടുപ്പം അവര്‍ അറിഞ്ഞപ്പോ ഒരു ചെറിയ വിഷമം തോന്നിയെങ്ങിലും മകളുടെ ഇഷ്ട്ടത്തിന്‍ അവര്‍ സമ്മതം മൂളി. അമ്മ പക്ഷെ ഒരു നിബന്ധന വെച്ചു, കല്യാണം നടക്കണമെങ്കില്‍ വലിയമ്മാവന്റെ സമ്മതം കൂടി വേണം.
അമ്മയുടെ അമ്മാവന്‍, വലിയമ്മാവനെന്നു കൃഷ്ണ വിളിക്കുന്ന ശങ്കരന്‍ അമ്മാവന്‍. പാലക്കാട്ടിലെ ഒരു അറിയപെടുന്ന വക്കീല്‍ ആയിരുന്നു. ആവശ്യപെടാതെ തന്നെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വാരി കോരി തരുന്ന ഒരു വ്യക്തി . രണ്ടു മക്കള്‍. ഒരാള്‍ മുംബൈയില്‍ , ഒരാള്‍ ബാംഗളൂരില്‍. അമ്മായി മരിച്ചിട്ട് കൊല്ലം രണ്ടായി. ഒറ്റക്കായിട്ടും തറവാട്‌ വിട്ടു പക്ഷെ വലിയമ്മാവന്‍ എവിടെയും പോയില്ല, പോവില്ല.

അമ്മാവന്‍ കൃഷ്ണയുടെ കാര്യം അറിഞ്ഞതും , ഒരു ചെറിയ ഭൂകമ്പം തന്നെ ഉണ്ടായി. പക്ഷെ അത് കൊണ്ടൊന്നും കൃഷ്ണയുടെ മനസ്സു മാറില്ലാ എന്ന് മനസിലാക്കി അമ്മാവന്‍. എന്നാലും ഇഷ്ട്ടക്കേട്‌ അയാള്‍ ഒളിച്ചു വെക്കാതെ , കനത്ത ഒച്ചയില്‍ പറഞ്ഞു " ശരി ഇനി നിന്റെ വിധി ഇതാനെങ്ങില്‍ ഇതു തന്നെ നടക്കട്ടെ,പക്ഷെ ഒരു കാര്യം ജാതക പൊരുത്തം നോക്കണം. " വലിയമ്മാവന്‍ ആദ്യത്തെ നിര്‍ബന്ധം വെച്ചു.
ചെക്കന്റെ ജാതകം ഇല്ലാത്തതിനാല്‍ ജനിച്ച സമയം വച്ച് അവര്‍ പൊരുത്തം നോക്കി, കൃഷ്ണയുടെ ഭാഗ്യം , നല്ല പൊരുത്തം.

വലിയമ്മാവന്റെ അടുത്ത നിര്‍ബന്ധം കല്യാണം ഹൈന്ദവ രീതിയില്‍ തന്നെ നടത്തണം എന്നായിരുന്നു. പീറ്റര്‍ന്റെ അച്ഛനും അമ്മയ്ക്കും വിഷമമായെങ്ങിലും അവര്‍ അതിനും എസ്സ്‌ പറഞ്ഞു.

അടുത്തത്‌ കല്യാണം പാലക്കാട്ടില്‍ വെച്ചു തന്നെ വേണം എന്ന് പറഞ്ഞു. അവര്‍ അതിനും സമ്മതിക്കേണ്ടി വന്നു

ജാതക പൊരുത്തം, ഹൈന്ദവ രീതിയുലുള്ള കല്യാണം, പാലക്കാട്ടില്‍ വെച്ചു കല്യാണം, ............ എന്തിനധികം , പാചകക്കാരെ വരെ അമ്മാവന്റെ ഇഷ്ടത്തിനായിരുന്നു തീരുമാനിച്ചത്‌.

വലിയമ്മാവന്‍ എന്ത് ചെയ്യുമ്പോഴും ഒരേ ന്യായം. " സമ്പ്രദായം ". അത് വിട്ടിട്ടുള്ള കാര്യങ്ങള്‍ക്ക് ശങ്കരന്‍ ഇല്ല എന്ന് . കൃഷ്ണക്ക് ചിലതിലൊക്കെ ഇത്തിരി എതിര്‍പ്പ് ഉണ്ടായെങ്ങിലും അത് ആരും വക വെച്ചില്ല.

ഉറപ്പിക്കലിന്റെ ദിവസം തീരുമാനിച്ചു, വരുന്ന ഞായറാഴ്ച. ഇനി കല്യാണ തിയതി, പണിക്കര്‍ കുറച്ചു നല്ല മുഹൂര്‍ത്തങ്ങള്‍ കുറിച്ചു കൊടുത്തു. അതുമായി അച്ഛനും അമ്മയും വലിയമ്മാവന്റെ അടുത്തേക്ക് പോയി.

വലിയമ്മാവന്‍ കടലാസിലേക്ക് ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു, " അയ്യേ, ഇതു ശരിയാവില്ല, കുറിച്ചു തന്ന മൂന്നു മുഹൂര്‍ത്തങ്ങളും ശെരിയാവില്ല. ഇതിപ്പോ ഒരു പ്രേമ വിവാഹമല്ലേ, ഇതിനെന്തിനാ ഇപ്പൊ മുഹൂര്‍ത്തം നോക്കുന്നത് , നമുക്കു ഇതു ഗാന്ധി ജയന്തിടെ അന്ന് നടത്താം . ഇതു കേട്ടിട്ട് കൃഷ്ണയും , അച്ഛനും , അമ്മയും അമ്മാവനിതെന്തു പറ്റി ന്ന മട്ടില്‍ അയാളെ നോക്കി നിന്നു. അല്ല എല്ലാറ്റിനും സമ്പ്രദായം എന്നൊക്കെ പറഞ്ഞു " പാടു " പെടുത്തിയ ആള് ഇപ്പൊ പറയുന്നു കല്യാണത്തിന്‍ മുഹൂര്‍ത്തം നോക്കണ്ട എന്ന്.

അതോ ഇനി ശങ്കരന്‍ അമ്മാവന്‍ ഗന്ധിയനാണോ, അതാണോ ഗാന്ധി ജയന്തി തന്നെ മതി എന്ന് പറഞ്ഞത്. ഹേ അല്ല , ഗന്ധിയനോന്നും അല്ല. പിന്നെ എന്താ ?.

അധികം ആര്ക്കും ആലോചിച്ചു നിക്കേണ്ടി വന്നില്ല, വലിയമ്മാവന്‍ " കാരണം " പറഞ്ഞു
" നമ്മളിപ്പോ എല്ലാം നോക്കണ്ടേ, നല്ല ദിവസം എന്നൊക്കെ പറഞ്ഞിട്ട് ലീവ് അല്ലാത്ത ദിവസങ്ങളില്‍ കല്യാണം നടത്തിയാല്‍ എത്ര ആള്‍ക്കാര്‍ക്കാ ബുദ്ധിമുട്ടു. രാജീവും , രമേശും ( അമ്മാവന്റെ മക്കള്‍ ) പിന്നെ മറ്റുള്ളവര്‍ക്കും ഒക്കെ സൌകര്യമാവണ്ടേ, ഗാന്ധി ജയന്തി വെള്ളിയാഴ്ച, പിന്നെ ശനിയും , ഞായറും ലീവ്. മൂന്നു ദിവസം ഒരുമിച്ചു കിട്ടും. അതല്ലേ സൗകര്യം. "

" ഇങ്ങനെ തന്നെ വേണം..... അത് തന്നെ മതി...... എന്നൊക്കെ എല്ലാവരെയും എത്ര നെട്ടോട്ടം ഒട്ടിച്ചു ഓരോ കാര്യത്തിനും, എന്നിട്ട് ഇപ്പൊ പറയുന്നു സൗകര്യം നോക്കിയാല്‍ മതിയെന്ന്. മറ്റുള്ളവരുടെ അസൌകര്യങ്ങള്‍ കണക്കിലെടുക്കാതെ എത്ര മാത്രം വാശി പിടിച്ചു , അപ്പൊ സൌകര്യ കേടു തോന്നിയില്ലേ നിങ്ങള്ക്ക് . സ്വന്തം സൗകര്യം കണക്കിലെടുത്തപ്പോ " സമ്പ്രദായം " ഒക്കെ കാറ്റത്ത് അല്ലെ ." ഇങ്ങനെയൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു കൃഷ്ണക്ക്, പക്ഷെ ചോദിച്ചില്ല. വാക്കുകള്‍ നാവില്‍ തന്നെ തരിച്ചു നിന്നു.................

അങ്ങനെ കൃഷ്ണ പ്രിയ വിവാഹിതയാവുന്നു.... ഗാന്ധി ജയന്തിടെ അന്ന്.
എല്ലാവര്ക്കും സ്വാഗതം.
_______________________________
ശങ്കരന്‍ അമ്മാവനെ പോലെ കുറെ പേര്‍ ഭൂലോകത്ത് ഉണ്ട്. അവരുടെ വിശ്വാസങ്ങള്‍ മിക്കവാറും സൗകര്യം അനുസരിച്ചാണ്. പക്ഷെ അവര്‍ ഇതു ഒരിക്കലും സമത്തിക്കില്ല.



5 അഭിപ്രായങ്ങൾ: