തിങ്കളാഴ്‌ച, ഓഗസ്റ്റ് 10, 2009

ഉണ്ണികുട്ടന്‍ ചോദിക്കുന്നു



ഉണ്ണികുട്ടന്‍ സന്ധ്യക്ക്‌ കളിക്കാന്‍ പോയിട്ട് വന്നതും, ഷൂസും കൂടി ഊരാതെ അമ്മയുടെ അടുത്തേക്ക് ഓടി. ദേവൂ മോളെ ഉറക്കുകയാണ് അമ്മ. അമ്മയുടെ സാരി തുമ്പത്ത് പിടിച്ചു നിന്നു അവന്‍ .
" ഉണ്ണി കുട്ടാ, ഒച്ച വെക്കണ്ടാ, ദേവൂ ഉറങ്ങി , കൈയും കാലും കഴുകി ഉണ്ണാന്‍ വരൂ, അമ്മ ചോറ് വിളമ്പാം".
അമ്മ മോളെ കിടത്തി തിരിഞ്ഞു നൊക്കിയപ്പൊഴ് കണ്ടത്‌, കരഞ്ഞു കലങ്ങിയ കണ്ണുമായി നില്‍കുന്ന ഉണ്ണി കുട്ടനെയാണ്.
" എന്ത്‌ പറ്റി ഉണ്ണി കുട്ടാ ? എന്തിനാ എന്റെ കുട്ടി കരയുന്നത് ? "
" അമ്മേ , ഉണ്ണി കുട്ടന്റെ അച്ഛന്‍ മരിച്ചു പോയോ അമ്മേ "
പ്രതീക്ഷിച്ച ഒരു ചോദ്യം , പക്ഷെ പ്രതീക്ഷിക്കാത്ത സമയത്തില്‍ ,കൂട്ടുക്കാരന്മാര്‍ വല്ലതും പറഞ്ഞിടുണ്ടാവും , അല്ലാതെ അവനിങ്ങനെ ഒന്നും ചോദിക്കില്ല.
" പറയമ്മേ , അച്ഛന്‍ മരിച്ചുവോ ?........................................... എന്തിനാമ്മേ അച്ഛന്‍ മരിച്ചത്‌ ?"
" ആരാ മോനോട് ഇതൊക്കെ പറഞ്ഞത് ?"
ഉണ്ണികുട്ടന്‍ അമ്മയെ നോക്കി ഇരുന്നു. ഒന്നും മിണ്ടിയില്ല.
"വരൂ ഉണ്ണി കുട്ടാ, നമുക്കു ആഹാരം കഴിക്കാലോ ", അവനെ വാരി എടുക്കാന്‍ നോക്കിയപ്പോ അവന്‍ ഒന്നു കൂടി അകന്നു നിന്നു.
" അമ്മേ , മരിച്ചവര്‍ എവിടെക്കാ അമ്മേ പോവുക ?"
ഇവന്‍ വിടുന്ന മട്ടില്ലല്ലോ ഈശ്വര.
" സ്വര്‍ഗത്തിലേക്ക് ഉണ്ണി ?"
" എന്തിനാണ് അച്ഛന്‍ സ്വര്‍ഗത്തില്‍ പോയത് ?"
" അത്.................................. അത് പിന്നെ "..... ഈ കുട്ടിയോട്‌ എന്ത് പറഞ്ഞിട്ടാ മനസിലാക്കുക.
" അത് മോനേ അച്ഛന്‍ ഈ ലോകത്തില്‍ ചെയ്യാനുള്ളതൊക്കെ ചെയ്തു കഴിഞ്ഞിട്ടുണ്ടാവും ഉണ്ണി ".
അത് കേട്ടപോ അവന്‍ വേഗം അമ്മയുടെ മടിയില്‍ കേറി ഇരുന്നു.......
" അമ്മേ, ഇല്ലമേ എല്ലാം ചെയ്തു കഴിഞ്ഞിട്ടില്ല, എന്നോട് അടുത്ത അവധി കാലത്തു പൂരം കാണാന്‍ കൊണ്ടോവാം എന്ന് പ്രോമിസ് ചെയ്തതാ". ഉണ്ണി കുട്ടന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു.
അമ്മ കരച്ചില്‍ അടക്കാന്‍ കുറെ പാടു പെട്ടു.
ഉണ്ണി കുട്ടന്‍ പിന്നെയും തുടങ്ങി,
" അമ്മേ ആരാമ്മേ അച്ഛനെ സ്വര്‍ഗത്തില്‍ കൊണ്ടു പോയെ ?"
" ദൈവം ."
" ആരാമ്മേ കൃഷ്ണനോ ?"
അതെ എന്ന് പതുക്കെ തല കുലുക്കി അമ്മ.
" അമ്മേ കൃഷ്ണന്ടെ അടുത്ത്‌ നമുക്കു മിണ്ടണ്ട കേട്ടോ അമ്മേ ."
കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് ഉണ്ണി പിന്നെയും ചോദിച്ചൂ,
"കൃഷ്ണനെന്തിനാ എന്റെ അച്ഛനെ കൊണ്ടു പോയെ ".
അമ്മക്ക് കരച്ചില്‍ അടക്കാനായില്ല, കരഞ്ഞു കൊണ്ടു അവനെ കെട്ടിപിടിച്ചു പറഞ്ഞു,
"അച്ഛന്‍ വളരെ വളരെ നല്ലതായിരുന്നു, അത് കൊണ്ടു കൃഷ്ണന്‍ കൊണ്ടു പോയി".
അമ്മ കരയുന്നത് കാണാന്‍ കഴിയഞ്ഞിട്ടണോ അതോ ഇനി ചോദിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണോ അറിയില്ല, ഉണ്ണി അവിടുന്ന് എഴുനേറ്റു പോയി.
കുറച്ചു സമയം കഴിഞ്ഞിട്ട് അവന്‍ വാതില്കല്‍ നിന്നു എത്തി നോക്കി കൊണ്ടു പറഞ്ഞു

"അമ്മേ, അമ്മ നല്ല കുട്ടിയാവണ്ട കേട്ടോ, ചീത്ത കുട്ടിയായാല്‍ മതി . അപ്പൊ കൃഷ്ണന്‍ അമ്മേ കൊണ്ടു പോവില്ലല്ലോ".

" ഞാന്‍ പോയിട്ട് ആകാശത്തില്‍ അച്ചന്‍ വന്നുവോ എന്ന് നോക്കട്ടെ, അമ്മ പറഞ്ഞില്ലേ അച്ഛന്‍ നക്ഷത്രമായെന്നു.........................."



*******
ഒരു ചിന്ത :
എല്ലാം കീഴടക്കി എന്ന് കരുതി മനുഷ്യന്‍ ചിരിക്കുമ്ബൊഴ് അവനെയും അവനെ സ്നേഹിക്കുന്നവരെയും തോല്പിക്കാനായി ദൈവം കണ്ടെത്തിയ ആയുധമാണോ മരണം ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ