വെള്ളിയാഴ്‌ച, മേയ് 18, 2012

വിശപ്പ്‌




മേട മാസത്തിലെ സൂര്യന്‍ , ഇന്നധികം കത്തി നില്‍ക്കുന്നുണ്ട് , ചിലപ്പോൾ താഴെ നടക്കുന്ന കൌതുക കാഴ്ചകള്‍ കണ്ടിട്ടായിരിക്കും. മഞ്ഞ നിറമുള്ള , കാണാന്‍ വളരെ ചന്തമുള്ള മാമ്പഴങ്ങള്‍ , പുള്ളിയും കുത്തും ഒന്നുമില്ലാത്ത ഈ പഴങ്ങളെ കണ്ടാല്‍ ആരും പറയില്ല രാസ വളങ്ങള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്ന്. . മനുഷ്യന്മാരുടെ ശാസ്ത്രീയ പുരോഗതി കണ്ടു സൂര്യന്‍ ഒന്ന് മങ്ങി പിന്നെയും തിളങ്ങി ............. മാമ്പഴങ്ങൾ ചെറിയ ചെറിയ മലകള്‍ പോലെ അടുക്കി വച്ചിട്ട് ,അതിനെ ഒക്കെ പെട്ടികളിലേക്ക് നിറക്കുകയാണു ഒരു ബാലന്‍. വളരെ ശ്രദ്ധയോടെ മാമ്പഴങ്ങളെ അവന്‍ അടുക്കി പെറുക്കി വയ്ക്കുമ്പോൾ, തൊട്ടടുത്ത്‌ വയർ ഒട്ടി കിടക്കുന്ന ഒരു പിഞ്ചു കോലം അത് നോക്കി വായില്‍ വെള്ളം ഊറി നില്പുണ്ട്. ഇടയ്ക്കു ഇടയ്ക്കു വിറകു കൊള്ളി പോലുള്ള അവന്റെ ചെറിയ കൈകള്‍ നീട്ടി 'ഒരെണ്ണം, ഒരേ ഒരെണ്ണം താ' എന്ന ,മട്ടില്‍ ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്. പക്ഷെ അതൊ ന്നും മറ്റേ ബാലകനെ ബാധിക്കുന്നതായി തോന്നിയില്ല. അവന്റെ ഏക ലക്‌ഷ്യം മാമ്പഴ കൂടാരങ്ങളെ വണ്ടിയില്‍ കയറ്റണം. അത്ര മാത്രം. ഇടയ്ക്കു പിഞ്ചു ബാലന്‍ തക്കം നോക്കി ഒരെണ്ണം എടുക്കാന്‍ നോക്കി, പാമ്പിനെ കണ്ട കീരിയെ പോലെ മറ്റേ ബാലന്‍ പിഞ്ചു ബാലന്റെ നേര്‍ക്ക്‌ ചീറി, അവന്റെ കയ്യിലെ മാമ്പഴം തട്ടി പറിച്ചെടുത്ത്. അതിനെ ഒരു പെട്ടിയില്‍ ആക്കി. ഇതൊക്കെ കണ്ടു നില്‍ക്കുന്ന സൂര്യനെ നോക്കി പുലഭ്യം പറഞ്ഞ് കൊണ്ട് വേറൊരു മനുഷ്യന്‍ അവിടെ ഇരിപ്പുണ്ട്. എത്ര കത്തിയാലും സൂര്യനുണ്ടാക്കാന്‍ പറ്റാത്തത്ര പുക അവന്റെ കത്തുന്ന ബീഡി ഉണ്ടാക്കുന്നുണ്ടായിരുന്നു. കുറച്ചു ദിവസമായി ഉറങ്ങിയിട്ട് എന്ന് നല്ല കനല്‍ കട്ടക്കള്‍ പോലെ ഉള്ള വലിയ കണ്ണുകള്‍ കണ്ടാല്‍ അറിയാം. ആ കണ്ണുകള്‍ കൊണ്ട് അവന്‍ ഉണങ്ങി നില്‍കുന്ന വാഴ തണ്ടിനെ പോലുള്ള ബാലനെ ഒന്ന് നോക്കിയപ്പോ അവന്‍ ഒട്ടിയ വയര്‍ ഒന്ന് കൂടി ഉള്ളിലേക്ക് വലിച്ച് പിടിച്ചു. പിന്നെയും അവന്റെ ആംഗ്യങ്ങൾ കൊണ്ടുള്ള യാചന തുടങ്ങി. അതൊന്നും ആ മനുഷ്യന്റെ മനസ്സ് അലിയിച്ചില്ലാ . ഇങ്ങനെ എത്ര എണ്ണത്തിനെ കണ്ടിട്ടുണ്ട്ഞാന്‍ എന്ന മട്ടില്‍ ബീഡി വലിച്ചു പുക ഊതിക്കൊണ്ടിരിന്നു അയാള്‍.



എത്ര നേരം നോക്കി നിന്നാലും കാര്യമില്ല്യ എന്നറിഞ്ഞിട്ടും അവിടെ തന്നെ ഇനിയും പ്രതീക്ഷയോടെ നില്‍കുന്ന പിഞ്ചു ബാലന്‍, മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇട്ടിരിക്കുന്ന പണി വളരെ കൃത്യ നിഷ്ഠയോടെ ചെയ്യുന്ന മൂത്ത ബാലന്‍, ബീഡി വലിച്ചാല്‍ ഉറങ്ങാതെ ഈ രാത്രിയും കൂടി വണ്ടി ഒട്ടിച്ചു ആ പൈസ കൊണ്ട് വീണ്ടും ബീടികള്‍ വലിക്കാം എന്ന് സ്വപ്നം കണ്ടിരിക്കുന്ന മനുഷ്യന്‍,............ഇവരെ ഒക്കെ നോക്കി നിന്ന് സൂര്യന്‍ അസ്തമിക്കാന്‍ സമയമായി . പക്ഷെ ഒന്ന് പരുങ്ങി നിന്ന് "ക്ലൈമാക്സ്‌" എന്തായിരിക്കും എന്നറിയാന്‍ അവിടെ തന്നെ ഒന്ന് നിന്നു.

ബീഡി വലി നിര്‍ത്തി "വണ്ടി എടുക്കാം" എന്ന് തല കുലുക്കി കാണിച്ചിട്ട് ഡ്രൈവിംഗ് സീറ്റി ലേക്ക് ചാടിക്കയറി ആ മനുഷ്യന്‍. പിന്നാലെ എല്ലാ പെട്ടികളും ഒറ്റയ്ക്ക് കേറ്റിയ ക്ഷീണം കൊണ്ടോ എന്തോ മൂത്ത ബാലന്‍ ഒന്നും മിണ്ടാതെ പതുക്കെ ഒരു പെട്ടിക്കു മേല്‍ കേറി മെല്ലെ ചാഞ്ഞിരുന്നു.

" ഇന്താ സാപിഡ് " എന്ന് പറഞ്ഞ് ഒരു പൊതി മൂത്ത ബാലന്റെ നേരെ നീട്ടി ആ മനുഷ്യന്‍. ബാലന്‍ ആര്‍ത്തിയോടെ കഴിക്കാന്‍ തുടങ്ങിയപ്പോ , ഒരു പൊതി കൂടി എടുത്തു അവന്‍ നേരെ നീട്ടി " ഇത് ഉനക്ക് ബോണസ് , ഒരു മാമ്പഴം പോലും ആര്‍ക്കും കൊടുക്കാതെ, ആരും എടുക്കാന്‍ വിടാതെ വണ്ടിയില്‍ കേറ്റിയില്ലേ അതിന്‍ . നാന്‍ പാര്‍ത്തെന്‍ നീ അന്ത പീക്രി പയ്യനെ വിരട്ടുനത്തോക്കെ............. ഭേഷ് ഭേഷ്"................ബാലന്‍ മറ്റേ പൊതിയും ആര്‍ത്തിയോടെ വാങ്ങി......അന്നത്തെ ആദ്യത്തെ ചിരി ചിരിച്ചു.....................ഈ വണ്ടിയിലെ ബാലന്‍ കിട്ടിയ "ബോണസ്" പോതിക്ക് കാരണക്കാരനായ പിഞ്ചു ബാലകന്‍ അകന്നു പോകുന്ന വണ്ടിയെ നോക്കി അവിടെ തന്നെ നിന്നു.................സൂര്യന്‍ കത്തുന്നത് നിര്‍ത്തി പതുക്കെ അസ്തമിച്ചു.... അപ്പോഴും പിഞ്ചു ബാലകന്റെ വയര്‍ വിശപ്പാല്‍ കത്തി കൊണ്ടിരുന്നു............



---------------------




ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

താരാട്ട്

മീന്കുളത്തി അമ്മയെ ഇന്നെത്ര വട്ടം തൊഴുതിട്ടും മതിയാവാത്ത പോലെ. ഒന്ന് കൂടി കയ്യിലെ കുഞ്ഞു കടലാസിലേക്ക് നോക്കി ഉറപ്പു വരുത്തി, ബാക്കി ഉണ്ടായിരുന്ന നേര്‍ച്ചകള്‍ ഒക്കെ ഇതാ ചെയ്തു കഴിഞ്ഞു.
മറക്കാതിരിക്കാന്‍ എന്തും സ്വന്തം ഡയറിയില്‍ കുറിച്ചു വയ്ക്കുന്ന പതിവ് വിലാസിനി ടീച്ചര്‍ക്ക്‌ പണ്ട് തൊട്ടേ ഉള്ള ഒരു ശീലമാണ്. നേര്‍ച്ചകള്‍ നെരുമ്ബൊഴ് അതും എഴുതി വെക്കും. കുറച്ചു വര്‍ഷങ്ങളായി ഒരൊറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അകലെ അമേരിക്കയില്‍ കഴിയുന്ന തന്റെ ഒരേ ഒരു മോള്‍ക്ക്‌ ഒരു കുഞ്ഞി കാലുണ്ടായി കാണണം എന്ന് മാത്രം. വര്‍ഷങ്ങള്‍ പത്തു കഴിഞ്ഞിരിക്കുന്ന പ്രാര്‍ത്ഥന തുടങ്ങിയിട്ട്, ഇപ്പോഴാണ് ദേവി ആ പ്രാര്‍ത്ഥന കേട്ടത്. മനസ്സ് സന്തോഷം കൊണ്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്.
ഓര്‍മ വെച്ച നാള്‍ മുതല്‍ ഈ നടയില്‍ വന്നു തൊഴുന്നത് ഒരു പതിവാണ് . കല്യാണം കഴിഞ്ഞിട്ടും ആ പതിവ് തെട്ടികേണ്ടി വന്നിട്ടില്ല. ശങ്കരന്‍ സാറും ഇതേ നാട്ടുകാരന്‍ തന്നെ. കല്യാണത്തിന് മുമ്പേ മുത്തശിയുടെ കയ്യില്‍ തൂങ്ങി വന്നു കൊണ്ടിരുന്ന കുട്ടി കല്യാണം കഴിഞ്ഞപ്പോ സാറിന്റെ കൂടെ വരാന്‍ തുടങ്ങി.
എന്ത് പ്രാര്‍ത്ഥിച്ചാലും സാധിക്കാതെ പോയിട്ടില്ല. ഈ ഒരു പ്രാര്‍ത്ഥനയ്ക്ക് കുറച്ചു കാല താമസം ഉണ്ടായി എന്ന് മാത്രം.
തൊഴുതിട്ടു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോ മനസ്സ് ഒന്ന് പിടഞ്ഞുവോ ? ഇനി കുറച്ചു കാലം ഇവിടെ തൊഴാന്‍ കഴിയില്ല എന്ന ചിന്തയാണ് വിലാസിനി ടീച്ചറെ വേധനിപിച്ച്ചത്. ഇന്നത്തെ സന്ധ്യ മയങ്ങുമ്പോ ടീച്ചറും സാറും വിമാനത്തില്‍ പറക്കാന്‍ തുടങ്ങിയിരിക്കും , അവരുടെ മീനാക്ഷിയുടെ അടുത്തേക്ക്‌.

വീട്ടില്‍ എത്തിയിട്ട് , കൊണ്ട് പോകുവാന്‍ അടുക്കി വെച്ച പെട്ടികളില്‍ ഒന്നിനെ വീണ്ടും തുറന്നു നോക്കി. അതില്‍ നിറയെ പല നിറങ്ങളില്‍ കുഞ്ഞു ഉടുപുകള്‍ ആയിരുന്നു. കൊച്ചു മോളാണ് വരാന്‍ പോവ്വുന്നത് എന്ന് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ട് അതിനുള്ള ഒരുക്കങ്ങളൊക്കെ ചെയ്തു കഴിഞ്ഞിട്ടുണ്ട് വിലാസിനി ടീച്ചറും , ശങ്കരന്‍ മാഷും .
കുഞ്ഞു ഉടുപ്പകളില്‍ ഒന്നിനെ കയ്യില്‍ എടുത്തു ഉമ്മ വെച്ചു കൊണ്ട് ടീച്ചര്‍ പറഞ്ഞു " സാറേ, നമുക്ക് മോളെ"ഭദ്ര" എന്ന് വിളിക്കാം കേട്ടോ ".
ശങ്കരന്‍ സാര്‍ പെട്ടികള്‍ ഒന്ന് കൂടി തൂക്കി നോക്കുകയായിരുന്നു. ഭാര്യ പറഞ്ഞത് കേട്ടപ്പോ പെട്ടി താഴെ വെച്ചിട്ട് പറഞ്ഞു " അതിനിപ്പോ , നമ്മള്‍ തീരുമാനിച്ചാല്‍ പോരല്ലോ . അമേരികയില്‍ ഭദ്ര എന്ന പേരൊക്കെ വെക്കുമോ ആവോ ? " .
" അങ്ങനെയൊന്നും പറഞ്ഞാല്‍ പറ്റില്ല, ദേവിയെ പ്രാര്‍ത്ഥിച്ചു കിട്ടിയ നിധിയാ, നമുക്ക് അവളെ ഭദ്ര എന്ന് തന്നെ വിളിക്കണം . നമ്മള്‍ നമ്മുടെ മോള്‍ക്ക്‌ മീനാക്ഷി എന്ന പേരല്ലേ ഇട്ടതു. ആ പേരിട്ടിട്ടു അവളിപ്പോ എന്താ അമേരികയില്‍ ജീവിക്കുന്നില്ലെ ?"
" നീ അങ്ങനെ പറയണ്ട. മീനാക്ഷിയുടെ അമ്മ വിലാസിനി, ഒരു ചെറിയ ഗ്രാമത്തില്‍ കണക്കു പഠിപ്പിക്കുന്ന ടീച്ചര്‍, പക്ഷെ നമ്മുടെ കൊച്ചു മോളുടെ അമ്മ മീനാക്ഷി അമേരികയിലെ ഒരു അറിയപെടുന്ന ഡോക്ടര്‍ ആണ് . അവള്‍ നിന്റെ അഭിപ്രായത്തിനോട് യോജിക്കും എന്ന് തോന്നിയില്ല"
സാറ് പറഞ്ഞത് ശരിയാണ് എന്ന് തോന്നിയെങ്ങിലും " ഭദ്ര കുട്ടി, ചക്കര മോളെ " എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞു ഉടുപുകളെ മാറോട്‌ അണച്ചു ടീച്ചര്‍.
" ഇതെന്താ വിലാസിനി ഈ പെട്ടിക്കു ഇന്നലേ തൂക്കിയത്തിലും കാണാം കൂടുതല്‍ ഉണ്ടല്ലോ ". സാര്‍ ഒരിത്തിരി ആശങ്കയോടെ ചോദിച്ചു .
" അത് ഞാന്‍ അതില ഉണ്ണിയപ്പത്തിന്റെ പൊതികള്‍ വെച്ചിരിക്കുനത് ".
" മൂന്നു കിലോ ഉണ്നിയപ്പമോ ?എടുത്തു മാട്ടിയിലെങ്ങില്‍ എയര്‍പോര്‍ട്ടില്‍ അവന്മാര്‍ ഇത് തൂക്കി ഏറിയും. വല്ല ബോംബാണെന്നു കരുതി നമ്മളെ വിചാരണ ചെയ്യും എന്ന എനിക്ക് സംശയം ."
" അയ്യോ കളിയാക്കല്ലേ സാറേ, പണ്ടേ അവള്‍ക്കു ഉണ്ണിയപ്പം എന്ന് വച്ചാല്‍ വലിയ ഇഷ്ട്ടാ. ഇപ്പൊ പിന്നെ കൂടുതല്‍ കൊതി ഉണ്ടാവില്ലേ. പിന്നെ ഇതൊക്കെ ഓരോ ചടങ്ങാ സാറേ. അങ്ങനെ കയ്യും വീശി പോവാന്‍ പറ്റുവോ. അതിപ്പോ അമേരിക്കയില്‍ ആണെങ്കിലും നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യണം. "

ഭാര്യയുടെ അടുത്തു വാദിച്ചു ജെയിക്കാന്‍ പറ്റില്ല എന്നൊന്നും ഇല്ലാ , പക്ഷെ വിലാസിനി ടീച്ചര്‍ വിഷമിക്കുന്നത് കാണാന്‍ ഇഷ്ടമല്ലാത്തത്‌ കൊണ്ട് മാത്രം ശങ്കരന്‍ സാറ് വാദിക്കാന്‍ നിന്നില്ല.
ദൈവ കാരുണ്യം കൊണ്ട് വലിയ ഭുദ്ധിമുട്ടുകള്‍ ഒന്നും കൂടാതെ അവരുടെ യാത്ര അവരെ അവരുടെ മകളുടെ അടുത്തു എത്തിച്ചു.
" ഇറുകി പിടിച്ച ജീന്‍സ് ആണല്ലോ ഇവള്‍ ഇപ്പോഴും ഇട്ടിരുക്കുന്നത് ". അവരെയും കാത്തു നില്‍ക്കുനുണ്ടായിരുന്ന മീനാക്ഷിയെ കണ്ണ്ടതും ആദ്യം ഇതാണ് വിലാസിനി ടീച്ചറുടെ മനസ്സില്‍ തോന്നിയ വിചാരം. " എട്ടു മാസമായില്ലേ, ഇവള്‍ക്കെന്താ ഒട്ടും വയര്‍ ഇല്ലാത്തെ ". മനസ്സില്‍ എന്തോ ഒരു ചെറിയ നീട്ടല്‍. ചിരിച്ചു കൊണ്ട് നില്‍കുന്ന മോളുടെ അടുത്തു ആധിയോടെ ഓടിയെത്തി അവര്‍. എന്ത് കൊട്നെന്നറിയില്ല മീനാക്ഷിയെ കെട്ടിപിടിച്ചു ഒരു പാട് നേരം കരഞ്ഞു വിലാസിനി ടീച്ചര്‍. കാറില്‍ അവളുടെ അടുത്തിരുന്നു അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഒന്നും മിണ്ടാതെ വീടെത്തി.
സ്വന്തം മകള്‍ ഗര്‍ഭിണി അല്ല എന്നറിയാന് പ്രത്യേക കഴിവൊന്നും വേണ്ട ഒരു അമ്മക്ക്. ആ അറിവ് ആ അമ്മയുടെ മനസ്സിനെ വല്ലാതെ വെധനിപിച്ച്ചു. പക്ഷെ ശങ്കരന്‍ സാര്‍ അറിയാതിരിക്കാന്‍ അവര്‍ ആ വിഷമം പുറത്തു കാണിച്ചില്ല.
ഊണ് മേശയില്‍ വിളമ്പി വെച്ചിരിക്കുന്ന ആഹരങ്ങള്‍ക്ക് വിലാസിനി ടീച്ചറുടെ വിശപ്പിനെ പക്ഷെ ഉണര്‍ത്താന്‍ കഴിഞ്ഞില്ലാ. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി avar.
മീനാക്ഷിയോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ ഒന്നിനും കഴിയാതെ തളര്‍ന്നിരുന്നു. എപ്പോഴോ ആ ഇരിപ്പില്‍ തന്നെ ഒന്ന് മയങ്ങി. ഒരു മഞ്ഞു മലക്ക് മുകളില്‍ നിന്ന് താഴെ വീഴുന്ന ഒരു ദുസ്വപ്നം കണ്ടു ഞെട്ടിയതാണോ അതോ മീനാക്ഷിയുടെ കയ്യിലെ തണുപ്പാണോ അറിയില്ല , അവര്‍ ഞെട്ടി ഉണര്‍ന്നു . " അമ്മ അകത്തു പോയി കിടന്നോള് . നാളെ നമുക്ക് ഒരു സ്ഥലത്ത് പോവാനുണ്ട്." പിന്നെ ഒന്നും പറയാനും കേള്കാനും നില്‍ക്കാതെ അവള്‍ അവിടെ നിന്ന് പോയി .
ഒരു രാത്രിക്ക് വെറും ഒരു സുര്യ അസ്തമനത്തിന്റെയും , ഉദയത്തിന്റെയും ദൂരം മാത്രം അല്ല, അത് ഒരു ജീവിതത്തില്‍ അതിനെകാള്‍ എത്രയോ വലിയ ദൂരങ്ങളിലേക്ക് മനുഷ്യരെ കൊണ്ട് പോവാന്‍ കഴിവുള്ള ഒരു പ്രതിഭാസമാണ്.
എത്ര നേരം കഴിഞ്ഞു എന്നറിയില്ല, രാത്രി പകലിനു വഴി മാറില്ല എന്ന് വാശി പിടിച്ചു നില്‍ക്കുന്ന പോലെ, എവിടെയും കൂരിരിട്ടു. മനസ്സിലും ...........

എങ്ങനെയോ രാവിലെ കുളിച്ചു , കഴിച്ചു എന്ന് വരുത്തി അവര്‍ പുറപെട്ടു, എന്തിനെന്നറിയാതെ, എവിടെക്കെന്നരിയാത്ത ഒരു യാത്ര.
എല്ലാ കാര്യങ്ങള്‍ക്കും ധൈര്ഗ്യം കൂടിയതോ, അതോ തനിക്കു ക്ഷമയില്ലാതെ ആയോ , വിലാസിനി ടീച്ചര്ക്കയാത്ര വളരെ നീണ്ടു പോയത് പോലെ.


തീപെട്ടികല് അടുക്കി വെച്ച പോലെ തോന്നിക്കുന്ന ഒരു കേട്ടിടടത്തിന്നു മുമ്പിലാണ് കാര്‍ നിന്നത്.
അത് വരെ ഒന്നും മിണ്ടാതിരുന്ന ടീച്ചറെ നോക്കി വരൂ എന്ന് ആണ്ഗ്യം കാണിച്ചു കേട്ടിടടത്തിനു അകത്തു കേറി. ഒരു ചെറിയ കൂട്ടില്‍ കേറി അതിലെ ഒരു ചെറിയ ബട്ടണ്‍ അമര്‍ത്തിയാല്‍ നിമിഷങ്ങളില്‍ ഉയരങ്ങളിലേക്ക് എത്താലോ.
കതകില്‍ മുട്ടും മുമ്പേ ഒരു മധ്യ വയസ്ക കതകു തുറന്നു തന്നിട്ട് വരൂ എന്ന് ആണ്ക്യത്തില്‍ കാണിച്ചിട്ട് അകത്തു കേറി പോയി. ഒരു നീണ്ട മുറി ആയിരുന്നു അത്, ഒരു ഭാഗത്ത് കിടക്കയും , മറ്റൊരു ഭാഗത്ത് അടുക്കളയും. അടുക്കും വൃത്തിയും ഉള്ള ഒരു മുറി. അടുക്കള ഭാഗത്ത് ഒരു അനക്കം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത് , ഒരു ചിനക്കാരി യുവതി അവിടെ നിന്ന് ചെറിയ കുപ്പി കപ്പുകളും ആയി അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.
അടുത്തു എത്തിയപ്പോഴാണ് ശ്രദ്ധിച്ചത് ആ യുവതി ഗര്‍ഭിണി ആയിരുന്നു. നീര്‍ കുമിളകള്‍ പോലെ മനസ്സില്‍ എന്തോ ഒന്ന് പൊങ്ങുകയും പൊട്ടുകയും ചെയ്തു .

" അമ്മെ, ഇത് ധെലിയ , എട്ടു മാസം ഗര്‍ഭിണി ആണ്. "
മൌനത്തില്‍ ഒന്ന് തല കുലുക്കി .
" അമ്മെ , ധെലിയ , ധെലിയ ആണ് ഭദ്ര മോളെ പ്രസവിക്കാന്‍ പോവ്വുന്നത് ".
മീനാക്ഷി ചീന ഭാഷയില്‍ ഒന്നുമല്ല സംസാരിച്ചത്തു, മലയാളത്തില്‍ തന്നെയാണ് എന്നാലും ഒന്നും മനസ്സിലായില്ല.
അത് മനസ്സിലായിട്ടവനം മീനാക്ഷി പറഞ്ഞ് " അമ്മെ, ഞാന്‍ എല്ലാം വിഷധമായിട്ടു പറയാം വരൂ".
കാറില്‍ കേറി ഇരുന്നിട്ട് കുറച്ചു ദൂരം മൌനം കൂട്ട് നിന്ന്. പിന്നെ എപ്പോഴോ മീനാക്ഷി പറഞ്ഞ് തുടങ്ങി " അമ്മെ സ്വന്തം കുഞ്ഞു വേണം എന്ന് ഞാന്‍ ആഗ്രഹിക്കുനത്തില്‍ തെറ്റുണ്ടോ ? പക്ഷെ എനിക്കൊരിക്കലും പ്രസവിക്കാന്‍ കഴിയില്ലമ്മേ . ഞാന്‍ പിന്നെന്തു ചെയ്യും. ധെലിയ ചുമക്കുനത് എന്റെ കുഞ്ഞിനെയാണ് അമ്മെ . എന്റെയും അരവിന്ധിന്റെയും കുഞ്ഞു. ധെലിയ അവളെ പ്രസവിച്ചിട്ട് നമുക്ക് തരും . ഞാന്‍ അവള്‍ക്കു ഇതിനു പകരം അഞ്ചു ലക്ഷം ആണ് അമ്മെ കൊടുക്കുന്നത്. "
മകള്‍ പറയുന്നത് ഒന്നും മനസ്സിലാവാത്തത് പോലെ മിഴിച്ചിരുന്നു വിലാസിനി ടീച്ചര്‍.
നേര്‍ച്ചകള്‍ കൊണ്ടും ചികിത്സ കൊണ്ടും ഒന്നും നിറവേറാന്‍ കഴിയാത്ത ആഗ്രഹം ഇതാ നോട്ടു കെട്ടുകള്‍ നിറവേറ്റുന്നു.
പിറ്റേ ദിവസം വിലാസിനി ടീച്ചര്‍ മകളോട് ഒന്ന് കൂടി ധെളിയ കാണാന്‍ കൊണ്ട് പോവാന്‍ പറഞ്ഞ്. അന്ന് പൊവുമ്ബൊഴ് ഉണ്ണിയപ്പ പൊതികള്‍ അവരുടെ കയ്യില്‍ കരുതി അവര്‍.
പിന്നെ ഇത് പതിവായി ടീച്ചര്‍ ഇടയ്ക്കിടയ്ക്ക് ധെലിയയെ കാണാന്‍ പോയി.
ഭദ്ര മോള് പിറന്നു . തിരുവോണം നാളില്‍ ജനിച്ച പൊന്നിന്‍ കുടം. കുഞ്ഞി കാലുകളും , കുഞ്ഞി കൈയ്കളും , കുഞ്ഞി കണ്ണുകളും,... ഓമന മുത്തിനെ എത്ര കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത് പോലെ. വിലാസിനി ടീച്ചര്‍ക്ക്‌ വീര്‍പ് മുട്ടിപ്പിക്കുന്ന സന്തോഷം . പല്ലശന അമ്മക്ക്ഒരു നൂറു തവണ നന്ദി പറഞ്ഞു അവര്‍.
മീനാക്ഷി ഇന്നൊരു അമ്മയായി. ഗര്‍ഭിണി ആവാതെ, പത്തു മാസം ചുമക്കാതെ, പ്രസവ വേദന ഒട്ടും അറിയാതെ ഇതാ അവള്‍ ഇന്നൊരു കുഞ്ഞിന്റെ അമ്മയായി. അവളുടെ മുഖത്തില്‍ പണ്ടോരിക്കലും കാണാത്ത ഒരു നിര്‍വൃതി . എന്തൊക്കെയോ നേടിയ ഒരു പ്രതീതി.


ഈ ഭൂമിയിലെ ഏറ്റവും നല്ല ഉറക്ക ഗുളിക, അത് സമാധാനം തന്നെയാണ്.
ഭദ്ര മോള് കരച്ചില്‍ തുടങ്ങിയപ്പോഴാന്‍ വിലാസിനി ടീച്ചര്‍ സ്വപ്ന ലോകത്തില്‍ നിന്ന് ഉണര്‍ന്നത്. ധെലിയ നല്ല ഉറക്കത്തില്‍ തന്നെ ആയിരുന്നു. പതുക്കെ അവളുടെ അരികില്‍ പോയി അവളെ ഉണര്‍ത്തി കുഞ്ഞിനു പാല് കൊടുക്കാന്‍ പറയുമ്പോ , എവിടെയോ ടീചെര്‍ക്ക് ഒരു വേദന തോന്നി.

ഒരമ്മക്ക് ഏറ്റവും ആനന്ദം തരുന്ന നിമിഷങ്ങള്‍ , അത് കുഞ്ഞിനെ മുലയൂട്ടുന്ന നിമിഷങ്ങളാണ്. ആ നിമിഷങ്ങള്‍ എത്ര വില കൊടുത്താലും വാങ്ങാന്‍ കഴിയില്ലല്ലോ മീനാക്ഷിക്ക് ? അറിയാതെ മിഴികള്‍ നിറഞ്ഞു .
ഒരമ്മ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷങ്ങള്‍ ...... ധെളിയയുടെ മുഖത്തില്‍ ആ സന്തോഷം വിലാസിനി ടീച്ചര്‍ തിരഞ്ഞു . അവളുടെ കണ്ണില്‍ ആരും അറിയാതെ ഒളിഞ്ഞു നില്‍ക്കുന്ന കണ്ണീര്‍ തുള്ളികളില്‍ അത് കണ്ടെത്തി അവര്‍.
പക്ഷെ , ഒരാഴ്ച എങ്കിലും മുല പാല്‍ കുടിച്ചാല്‍ കുഞ്ഞിന്റെ ആരോഗ്യം കൂടും എന്ന് പറഞ്ഞ് അതിനു വേണ്ടി "എക്സ്ട്രാ" പണം കൊടുത്ത സ്വന്തം മകള്‍ മീനാക്ഷിയുടെ മുഖത്തെ മായാത്ത ചിരി ആ കണ്ണീര്‍ തുള്ളികള്‍ ഏല്‍പിച്ച വേദനയെ മായ്ച്ചു, അല്ല മായ്ച്ചു എന്ന് വരുത്തി.

എല്ലാം കഴിഞ്ഞു ഒഴിഞ്ഞ വയറും നിറഞ്ഞ മാറും വിങ്ങി പൊട്ടുന്ന കണ്ണുകളുമായി ധെളിയ കുഞ്ഞിനെ ടീച്ചറുടെ കയ്യില്‍ എല്പിക്കുമ്പോ അറിയാതെ വിങ്ങി പൊട്ടി പോയി ടീച്ചര്‍. " ഇത്ര സെന്റി ആവേണ്ട കാര്യമില്ലമ്മേ, അവളുടെ ആവശ്യം പണമായിരുന്നു അത് ഞങ്ങള്‍ നല്‍കി , ഞങ്ങളുടെ ആവശ്യം അത് കൊണ്ട് അവള്‍ നിറവേറ്റി, അത്ര തന്നെ ".


ഒമ്പത് മാസം ചുമന്നു നടക്കാന്‍, ഈറ്റ് നോവറിഞ്ഞു പ്രസവിക്കാന്‍, ഒരാഴ്ചയെങ്ങിലും പാലൂട്ടന്‍ ഒക്കെ പണം നല്‍കിയാല്‍ മതി, ആളെ കിട്ടും , പക്ഷെ ഒരമ്മയുടെ വാത്സല്യം അത് നല്‍കാന്‍ എത്ര പണം നല്കിയാലാണ് ആളെ കിട്ടുക ? ആ ചിന്ത വിലാസിനി ടീച്ചറുടെ മനസ്സിനെ വല്ലാതെ തളര്‍ത്തി.

പല്ലശന അമ്മയോട് മൂകമായി പ്രാര്‍ത്ഥിച്ചു " ദേവി , ഒരു അമ്മയുടെ വാല്സല്യത്തിനെയും വില കൊടുത്ത് വാങ്ങിക്കാന്‍ മാത്രം സമ്പത്ത് ആര്‍ക്കും കൊടുക്കരുതേ ".

വ്യാഴാഴ്‌ച, മാർച്ച് 18, 2010

( തനി ) നിറം

നിറങ്ങളുടെ വിസ്മയ കാഴ്ച്ച എത്ര നേരം നോക്കിയിരുന്നു എന്ന് തന്നെ അവന്‍ അറിഞ്ഞില്ലാ. അവര്‍ ഒരുമിച്ചു കണ്ട , കാണാറുള്ള സ്വപ്നം, അവരുടെ കൊച്ചു വീട്, വീടിനു മുമ്പിലുള്ള പൂന്തോട്ടം, പൂന്തോട്ടത്തില്‍ കൊച്ചു സൈക്കിളില്‍ കളിക്കുന്ന അവരുടെ ഉണ്ണി, അതിനടുത്ത് മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടിയാടുന്ന അമ്മു മോള്‍. ചിത്രത്തില്‍ സ്നേഹവും, സന്തോഷവും തുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ അവന്‍ സ്വപ്നത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നു. അവള്‍ ചൂടിയ മുല്ല പൂവിന്റെ മണം അവിടെ ആകെ ഒരു സ്വര്‍ഗീയ അനുഭൂതി വരുത്തുന്ന പോലെ. അവളെ ചേര്‍ത്തു പിടിച്ചു കൊണ്ടവന്‍ പറഞ്ഞു " നിനക്കറിയോ, എത്ര ഭാഗ്യവാനാണ് ഞാന്‍ എന്ന്. ഇത്രയും കഴിവുള്ള നീയാണ് എന്റെ ജീവിത സഖിയാവാന്‍ പോവ്വുന്നത് എന്ന് വിചാരിക്കും തോറും എനിക്ക് എന്നില്‍ തന്നെ അസൂയ തോന്നുന്നു". അവളെ പതുക്കെ അവന്റെ അടുത്തു ചേര്‍ത്തിരുത്തി കൊണ്ടവന്‍ തുടര്‍ന്നു " നിറങ്ങളെ കൊണ്ട് നീ എന്തൊക്കെ മായ ജാലങ്ങലാണ് ഒരുക്കുന്നത്. നിറങ്ങള്‍ നിന്റെ അടിമകളാണ്, ഇതാ എന്നെ പോലെ ". പറഞ്ഞു നിര്‍ത്തി അവളെ വാരി എടുത്തു അവന്‍. ലോകം മുഴുവന്‍ തന്റെ കാല്‍ കീഴില്‍ ആണ് എന്ന് തോന്നി പോയി അവള്‍ക്കു.

കുറച്ചു നാള്‍ കഴിഞ്ഞപ്പോ അവര്‍ വിവാഹിതരായി. സന്തോഷവും , സ്നേഹവും , നിറങ്ങളും നിറഞ്ഞ ദിനങ്ങളും , മാസങ്ങളും കടന്നു പോയി.
വിവാഹിതയായ ഏതൊരു പെണ്ണും അതിയായി ആഹ്ലധിക്കുന്ന ആ നിമിഷം. താന്‍ അമ്മയാവാന്‍ പോകുന്നു എന്നറിയുന്ന ആ സുവര്‍ണ നിമിഷം. അത് അവളുടെ ജീവിതത്തിലും ഉണ്ടായി. സന്തോഷം കൊണ്ടവള്‍ വീര്‍പ്പുമുട്ടി. വിവരം അവനെ അറിയിക്കാന്‍ അവള്‍ക്കു തിടുക്കമായി. അവന്‍ ആയിരുന്നുവല്ലോ ഉടനെ കുട്ടികള്‍ വേണം എന്ന് നിര്‍ബന്ധം. പക്ഷെ അവള്‍ അത് അവന്‍ ഒരു വലിയ സര്‍പ്രൈസ് തന്നെ ആക്കാന്‍ തീരുമാനിച്ചു.
അന്ന് ഓഫീസിലേക്ക് പോവാന്‍ അവള്‍ക്കു പ്രത്യേക ഉത്സാഹം ഒന്നുമില്ലായിരുന്നു. എന്നാലും ലീവേടുത്തില്ല. കുറച്ചു നേരം ഓഫീസില്‍ ഇരുന്നു എന്തോക്കൊയോ ചെയ്തെന്നു വരുത്തി അവള്‍ നേരത്തെ തന്നെ ഇറങ്ങി.
വല്ലതും കാര്യമായിട്ട് വെച്ചു ഉണ്ടാകീട്ട്‌ ദിവസങ്ങള്‍ കുറച്ചായി. ഓഫീസില്‍ തിരക്കേറിയ പണി തന്നെ പ്രധാന കാരണം. ഫ്രിഡ്ജില്‍ ഇരിക്കുന്ന ബാക്കി വന്ന കറികള്‍ തന്നെ വച്ചു അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് പാവം അവനും. ഇന്നും കൂടി ഒന്ന് അഡ്ജസ്റ്റ് ചെയട്ടെ. ഇന്ന് ആ പെയിന്റിംഗ് മുഴുമിക്കണം. " ഗുഡ് ന്യൂസ്‌ " ആ പൈന്റിങ്ങിലൂടെ അവനെ അറിയിക്കണം. അവള്‍ തീരുമാനിച്ചു.
വീട്ടില്‍ എത്തിയപ്പോ ടീ. വീ . ചാന്നലുകള്‍ മാറ്റി മാറ്റി ഇട്ടു കൊണ്ട് അവന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
വേഗം ഒരു ചായ ഉണ്ടാക്കി കൊടുത്തു അവള്‍ അവന്‍. എന്നിട്ട് നേരെ പോയി അവളുടെ മുറിയിലേക്ക്. ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞു പുറത്തു വന്നു.
അപ്പോഴും ടീ. വീ നോക്കി ഇരിക്കുകയായിരുന്നു അവന്‍. പതുക്കെ അവള്‍ അവനെ പുറകില്‍ നിന്ന് കെട്ടി പിടിച്ചു കൊണ്ട് അവള്‍ വരച്ച ചിത്രം അവന്‍ നേരെ നീട്ടി.
ഇതിനു മുംബ് ഒരിക്കലും അവള്‍ കാണാത്ത ഒരു ഭാവമായിരുന്നു അവന്റെ മുഖത്തു. ചിത്രം തട്ടി താഴെ ഇട്ടു അവന്‍. എന്നിട്ട് അവളോട്‌ ദേഷ്യത്തോടെ പറഞ്ഞു " നീ എന്താ വിചാരിച്ചിരിക്കുന്നത്. ഇത്ര നാള്‍ നിനക്ക് ഓഫീസില്‍ തിരക്കാണെന്ന് പറഞ്ഞ് , പഴകിയ സാധനങ്ങള്‍ കഴിച്ചു ഞാന്‍ അഡ്ജസ്റ്റ് ചെയ്തു . ഇന്ന് നീ നേരത്തെ വന്നപ്പോ വല്ലതും വെച്ച്ചുണ്ടാക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ അതൊന്നും ചെയ്യാതെ നീ കേറിയിരുന്നു ഒന്നിനും കൊള്ളാത്ത ചിത്രം വരച്ചു സമയം കളഞ്ഞു. നീ ഒരു ഭാര്യയാണ്, ചിത്രകാരിയൊന്നും അല്ല. അത് മറക്കണ്ട ". അവള്‍ക്കു മനസ്സില്ലാവാത്ത ഭാഷയില്‍ എന്തോ പറയുന്ന പോലെ അവള്‍ അവനെ നോക്കി നിന്നു. തട്ടിയിട്ട ചിത്രം അവളുടെ കയ്യില്‍ ഉണ്ടായിരുന്നു. അവളുടെ കണ്ണുകളില്‍ നിന്നു ഒഴുകി വീഴുന്ന കണ്ണീര്‍ തുള്ളികള്‍ ആ ചിത്രത്തിലെ നിറങ്ങളെ അവിടെ നിന്നു പറഞ്ഞയച്ചു കൊണ്ടിരുന്നു.
പിന്നൊരിക്കലും നിറങ്ങളെ അവള്‍ അവളുടെ " അടിമകള്‍" ആക്കിയില്ലാ. പകരം അവള്‍ ഒരു " നല്ല ഭാര്യ " ആയി .

ബുധനാഴ്‌ച, ഫെബ്രുവരി 10, 2010

സ്ത്രീ(തന്നെ)ധനം



പട്ടിലും പൊന്നിലും നിന്‍ സുന്ദര മേനി പൊതിഞ്ഞു മണവാട്ടിയാക്കി ഞങ്ങള്‍ അന്ന്.
മുങ്ങി അപ്പൊഴ് തീരാ കടത്തില്‍.

പൂവില്‍ പൊതിഞ്ഞ നിന്‍ കരിഞ്ഞ ശരീരം ഇതാ ഞങ്ങള്‍ക്ക് മുന്നില്‍ ഇന്ന്.
മുങ്ങി ഇപ്പൊഴ് തീരാ സങ്കടത്തില്‍.

" സ്ത്രീ തന്നെ ധനം " - ഞങ്ങള്‍ കരുതി.
ഒരു " ഗ്യാസ് പൊട്ടി തെറി ", ആ തെറ്റിദ്ധാരണ തിരുത്തി.

ശനിയാഴ്‌ച, ജനുവരി 30, 2010

ഒരു മോഷണം.

ഉച്ച ഊണ് കഴിഞ്ഞു ഒരു മയക്കം പതിവാണ് രാജമ്മക്കും, കേശവന്‍ ചേട്ടനും. അന്ന് പക്ഷെ അവര്‍ക്ക് ഉറക്കം വന്നില്ല. കാരണം വീട്ടില്‍ വന്നിരിക്കുന്ന മകള്‍ ലീലയുടെ ബന്ധുക്കള്‍ക്ക് വേണ്ടി അവള്‍ പ്രത്യേകിച്ചു പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ട് ലക്ഷ്മിയമ്മ അടുക്കളയില്‍ ഇപ്പൊ ഭയങ്കര തിരക്കിലാണ്. അതിന്റെ മണവും, ശബ്ദവും ഒക്കെ അവരുടെ ഉറക്കം കെടുത്തി.
ഉച്ചക്ക് ഊണ് മേശയില്‍ വിവിധ നാമകരണത്തില്‍ , തിളങ്ങുന്ന കണ്ണാടി പാത്രങ്ങളില്‍ അലങ്കരിച്ചു വെച്ച കോഴി കറികള്‍ താങ്കളെ മാടി മാടി വിളിച്ചിട്ടും , മകള്‍ ലീലാമ്മയുടെ വക പ്രശ്ശരിനും ശുഗരിനും ഉള്ള പ്രത്യേക പഥ്യ ആഹാരം തന്നെ കഴിച്ചു അതൃപ്തി ഒന്നും ഇല്ല എന്ന് അഭിനയിച്ചു തളര്ന്നിരിക്കുകയാണ് അവര്‍.

ഇപ്പൊ
ഉണ്ടാക്കുന്ന പലഹാരങ്ങള്‍ എങ്കിലും തരാന്‍ ലീലയ്ക്കു തോന്നിക്കണേ എന്ന് അവര്‍ ഭഗവാനോട് അപേക്ഷിച്ചുകൊണ്ട്‌ അടുക്കള ഭാഗത്തേക്ക് എത്തിനോക്കാന്‍ പോയി.

ലക്ഷ്മിയമ്മ ഉണ്ണിയപ്പം ചുടുന്നതിന്റെ തിരക്കിലാണ്.
" ലക്ഷ്മി, ഇന്ന് ഉച്ചക്ക് തല ഒന്ന് ചായ്ക്കാനും കൂടി നേരം കിട്ടിയില്ല അല്ലെ ". സ്വരത്തില്‍ വളരെ അധികം ശുഷ്കാന്തി കലര്‍ത്തി ഈ ചോദ്യം എടുത്തു വിട്ടത് രാജമ്മ തന്നെ. ലക്ഷ്മി എന്ന ലക്ഷ്മി കുട്ടിക്ക് രാജമ്മയോടും കേശവന്‍ ചേട്ടനോടും ഒരിത്തിരി സ്നേഹവും കൂറും ഒക്കെ ഉണ്ട്. ലീലാമ്മ കൊടുക്കുന്ന ശമ്പളത്തിന് പുറമേ ഇടയ്ക്കു ഒരു നൂറും അമ്പതും ഒക്കെ ഇവരുടെ കയ്യില്‍ നിന്നും കിട്ടാറുണ്ട് അവര്‍ക്ക്. " രാജി ചേച്ചിയെ , എങ്ങനെ കിടക്കാനാ, കണ്ടില്ലേ ചായക്ക്‌ ഉണ്ണിയപ്പം തന്നെ വേണം എന്ന് വാശി പിടിച്ചിരിക്കുകയ ലീലാമ്മ കൊച്ചിന്റെ നാത്തൂന്‍ ".
പിന്നെ എന്തോ വലിയ രഹസ്യം പറയുന്ന പോലെ സ്വരം താഴ്ത്തി അവര്‍ പറഞ്ഞ് " ലീലാമ്മ കൊച്ചു പ്രത്യേകം പറഞ്ഞിട്ടുണ്ട് നിങ്ങള്ക്ക് രണ്ടു പേര്‍ക്കും ഉണ്ണിയപ്പം തരാനേ പാടില്ല എന്ന്. കേശവന്‍ ചേട്ടന്‍ ശുഗരില്ലെങ്ങിലും പ്രഷര്‍ ഉണ്ടല്ലോ, നിങ്ങള്‍ക്കാണേല്‍ രണ്ടും ഉണ്ട്. പക്ഷെ എന്റെ മനസ്സ് കേള്‍ക്കുന്നില്ല, ഞാന്‍ നിങ്ങള്ക്ക് ഒരു അഞ്ചു ഉണ്ണിയപ്പം മാറ്റി വെച്ചിടുണ്ട്. നിങ്ങള്‍ അത് ആരും കാണാതെ കഴിച്ചെക്കണം . ഞാന്‍ കുറച്ചു കഴിഞ്ഞു അങ്ങോട്ട്‌ കൊണ്ട് തരാം ".

റൂമിലേക്ക്‌ തിരിച്ചു നടക്കുമ്പോ രാജമ്മ ഓര്‍ക്കുകയായിരുന്നു , എന്നും രാവിലെ ലീലാമ്മ, ഒട്ട്സില്‍ നിറയെ പാലും പഞ്ചസാര തീരെ കുറച്ചും ചേര്‍ത്ത് അച്ഛനും അമ്മയ്ക്കും കൊടുക്കണം എന്ന് ലക്ഷ്മിയോട് പറയുമ്പോ ലക്ഷ്മി തീരെ കുറച്ചു പാലും ഒരിത്തിരി കൂടുതല്‍ പഞ്ചസാരയും ഇട്ടിട്ടു കൊണ്ട് തരും. ബാക്കിയുള്ള പാലില്‍ ബൂസ്റ്റ്‌ കലക്കി ആര്‍ത്തിയോടെ കുടിക്കുന്ന അവളെ എത്രയെ തവണ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതിന്റെ പെരില്ലുള്ള നന്ദിയാണ് അവള്‍ ഇപ്പൊ കാണിച്ചത്.


റൂമില്‍ ചെന്ന് കേറിയതും കേശവന്‍ ചേട്ടന്‍ തര്‍ക്കം തുടങ്ങി.
" രാജി അഞ്ചു ഉണ്ണിയപ്പം, അപ്പൊ അതില്‍ മൂന്നു എനിക്ക് രണ്ടു നിനക്ക് ".
" അമ്പട കേമ, എന്തിനു, എനിക്ക് മൂന്നും നിങ്ങള്ക്ക് രണ്ടും ആയികൂടെ".
" നിനക്ക് ഷുഗര്‍ ഉണ്ടല്ലോ, അത് മറന്നുവോ ?"
" ഓ പിന്നെ ഒരു ഉണ്ണിയപ്പം കൂടിയത് കൊണ്ട് എന്റെ ഷുഗര്‍ കൂടി ഞാന്‍ ചത്തൊന്നും പോവില്ല. എനിക്ക് മൂന്നെണ്ണം വേണം ".
അവര്‍ രണ്ടു പേരുടെയും തര്‍ക്കം കുറച്ചു നേരം നീണ്ടു നിന്ന്. പിന്നെ എപ്പോഴോ കേശവന്‍ ചേട്ടന്‍ ഒന്ന് മയങ്ങി.

ആ തക്കം നോക്കി നിന്ന രാജമ്മ അവരുടെ പദ്ധതി ** കൃത്യമായി തന്നെ നിറവേറ്റി.

അന്ന് വൈകുന്നേരം ആരും കാണാതെ അഞ്ചു ഉണ്ണിയപ്പവും രാജമ്മ ഒറ്റയ്ക്ക് തന്നെ കഴിച്ചു തീര്‍ത്തു.

അകത്തെ
മുറിയില്‍ അപ്പൊ ലീലാമ്മ " പല്ല് സെറ്റ് " കാണാതെ തപ്പി നടക്കുന്ന കേശവന്‍ ചേട്ടനെ ചോദ്യം ചെയ്യുകയായിരുന്നു. " അച്ചാ , ഇതെത്രാമത്തെ തവണയാ , പല്ല് വായില്‍ ഇരിക്കണം, ഇനി ഈ സെറ്റ് കിട്ടുന്നവരെ കഞ്ഞി കുടിച്ചാ മതി. ലക്ഷ്മി നീയും കൂടെ ഒന്ന് സഹായിക്കു , അതൊന്നു കണ്ടു പിടിക്കാന്‍ ".
അപ്പൊ കേശവന്‍ ചേട്ടന്റെ " പല്ല് സെറ്റ് " രാജമ്മയുടെ കിടക്കക്ക് താഴെ പ്ലാസ്റ്റിക്‌ പെട്ടിയില്‍ ഇരുന്നു ഉണ്ണിയപ്പം ആര്‍ത്തിയോടെ കഴിക്കുന്ന രാജമ്മയെ നോക്കി കരയുന്നുണ്ടായിരുന്നു.

(** കഴിക്കുന്നത് മോഷ്ടിക്കാന്‍ പറ്റിയില്ലെങ്ങില്‍ , കഴിക്കാന്‍ ഉപയോഗിക്കുന്ന സാധനം മോഷ്ടിക്കുക :) . അത്ര മാത്രമേ രാജമ്മ ചെയ്തുള്ളൂ. )

ബുധനാഴ്‌ച, ജനുവരി 13, 2010

സുപ്രഭാതം

പകലിന്റെ നീല മേഘങ്ങളേ തള്ളി നീക്കി കൊണ്ട് സന്ധ്യയുടെ കറുത്ത മേഘങ്ങള്‍ ആകാശത്തിനെ കീഴടക്കുന്നത് നോക്കി കൊണ്ടിരിക്കുകയായിരുന്നു ലക്ഷ്മിയമ്മാ.
സുര്യ അസ്തമയം - പുതിയൊരു ഉദയത്തിന്റെ വാഗ്ദാനം അല്ലെ അത് ...........
അവരുടെ ഉള്ളിലെ കവിയത്രി പതുക്കെ മനസ്സില്‍ വരികള്‍ എഴുതി തുടങ്ങി. പക്ഷെ ഇത് വരെ കടലാസില്‍ പകര്‍ത്താന്‍ കഴിയാതെ പോയ മറ്റു ആയിരം ആയിരം വരികളെ പോലെ അതും മനസ്സില്‍ ഇട്ടു മൂടി അവര്‍.
മനസ്സില്‍ വേദന ഉണ്ടെങ്കില്‍ അന്തരീക്ഷത്തിന്‍ തണുപ്പ് തോന്നാറുണ്ട് ലക്ഷിയമ്മക്ക്. അന്നത്തെ സന്ധ്യക്ക്‌ നല്ല തണുപ്പായിരുന്നു. അടുത്തിരിക്കുന്ന വിശ്വേട്ടന്‍ എന്താ ഒന്നും മിണ്ടാത്തത്. എത്ര വിഷമം ഉണ്ടാവും ആ മനസ്സില്‍. ഈ സമയത്ത് ഞാന്‍ ധൈര്യം കൊടുക്കണം. പ്രിയതമന്റെ കയ്യില്‍ പതുക്കെ തൊട്ടു കൊണ്ട് അവര്‍ ചോദിച്ചു. " വിശ്വേട്ടാ, ഇങ്ങനെ ഇരിക്കാന്‍ മാത്രം ഒന്നുമുണ്ടായില്ലല്ലോ. ഞാന്‍ ഇല്ലേ കൂടെ........." പറഞ്ഞ് തീരും മുമ്പേ വാക്കുകള്‍ മുറിഞ്ഞു. ഉദ്ദേശിച്ച ധൈര്യം കാണിക്കാന്‍ അവര്‍ക്കായില്ല.
തെല്ലൊന്നു ഇടറിയ ശബ്ദത്തില്‍ വിശ്വേട്ടന്‍ എന്ന വിശ്വനാഥന്‍ പറഞ്ഞ് തുടങ്ങി.
" ലക്ഷ്മി, നീ ഉണ്ട് കൂടെ, നീ മാത്രമേ ഉണ്ടായിരിന്നുള്ളൂ , അതറിയാന്‍ വൈകി, ആ വിഷമം മാത്രമാണ് ഇപ്പൊ മനസ്സില്‍.
നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ കൊല്ലം നാല്പത്തി ഒന്ന് കഴിഞ്ഞിരിക്കുന്നു. അമ്മ മരിച്ചപ്പോ അനിയനും, അനിയത്തിമാര്‍ക്കും ആ കുറവ് നികത്താന്‍ വന്ന ഏടത്തിയമ്മ . അത് മാത്രമായിരുന്നു നീ അന്നെനിക്ക്. ഒരു നല്ല ഏട്ടനായി ഞാന്‍ അവരെയെല്ലാം കര കേറ്റി. അത് കഴിഞ്ഞു വരുമ്പോഴേക്കും നമ്മള്‍ അച്ഛനും അമ്മയും ആയി. ഒരു നല്ല അച്ചന്‍ ആവാന്‍ ഞാന്‍ കുറെ പാട് പെട്ടു. എന്റെ ആ കര്‍ത്തവ്യവും ഞാന്‍ നന്നായി തന്നെ നിര്‍വഹിച്ചു. എല്ലാറ്റിനും പിന്നില്‍ നീ ഉണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഞാന്‍ നിന്നെ കണ്ടില്ല, കാണാന്‍ ശ്രമിച്ചില്ല. ഇന്ന് നമ്മളെ ഒറ്റയ്ക്ക് ഈ വൃദ്ധ സദനത്തില്‍ വിട്ടിട്ടു പോയ മക്കളാണ് എനിക്കെന്റെ ഭാര്യയെ കാണിച്ചു തന്നത്.
സത്യത്തില്‍r എനിക്കവരോട് കൂടുതല്‍ സ്നേഹവും അതിലേറെ നന്ദിയുമാണ് ഇപ്പൊഴ്. ജീവിത നദിയില്‍a ഒരു കരയില്‍ നിന്ന് അക്കരയെത്താന്‍ നിന്നെ വെറും ഒരു തോണിയാക്കിv അല്ലെ ഞാന്‍ . നിന്നോട് ഞാനെങ്ങനെയാ ഇതിനു മാപ്പ് പറയേണ്ടത്. "
അധികം മിണ്ടാത്ത വിശ്വേട്ടന്‍ അന്നും വാക്കുകള്‍ക്കായി പാടുപെടുന്നത് ലക്ഷിയമ്മ അറിഞ്ഞു.
അവരുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. " വിശ്വേട്ടാ, ഒരിക്കലും എന്നിക്ക് പരാതിയുണ്ടായിട്ടില്ല. ഞാന്‍ നിങ്ങളുടെ ഭാര്യയായി , ഏടത്തിയമ്മ ആയി, മക്കളുടെ അമ്മയായി
വളരെ സന്തോഷവതി തന്നെ ആയിരുന്നു. നിങ്ങള്‍ പറഞ്ഞില്ലേ തോണി , ആ തോണി ആവാന്‍ ഈ ജന്മം മുഴുവന്‍ ഞാന്‍ തയ്യാറാണ്. തന്നില്‍ വിശ്വസിച്ച യാത്രക്കാരെ മറുകര എത്തിക്കുന്ന തോണി എത്ര മഹത്വം ഉള്ളതാണ്. അല്ലെ എന്റെ തോണിക്കാര ? "
" എന്താ വിളിച്ചെ തോണിക്കാര എന്നോ ?"
" അതെ അല്ലോ, ഞാന്‍ തോണി എങ്കില്‍ വിശ്വേട്ടന്‍ തോണിക്കാരന്‍"............

പിറ്റേ ദിവസം പുതിയ ഒരു വര്‍ഷത്തിന്റെ ആരംഭം. അവര്‍ക്ക് പുതിയ ഒരു ജീവിതത്തിന്റെയും . ഇനിയുള്ള കാലം വൃദ്ധ സദനത്തില്‍ സന്തോഷത്തോടെ കഴിയാനുള്ള ദൃഡ നിശ്ചയവുമായി അവര്‍ കൈകോര്‍ത്തു കൊണ്ട് നടന്നു നീങ്ങി.

ലക്ഷിയമ്മയുടെ മനസ്സില്‍ പുതിയ ഒരു കവിത മൊട്ടിട്ടു. അവര്‍ തീരുമാനിച്ചു, ഇത് കടലാസില്‍ പകര്‍ത്തണം.
...........................

ചൊവ്വാഴ്ച, നവംബർ 03, 2009

ചുവന്ന മയില്‍ പീലികള്‍

എല്ലാ ശനിയാഴ്ചയും ഇതു പതിവാണ്. ആതിര തന്നെയാണ് ഏട്ടനെ വിളിച്ചു ഉണര്‍ത്തുക . അവള്ക്ക് അന്ന് വയലിന്‍ ക്ലാസ്സ് ഉണ്ട്. കൃത്യം ഏഴ് മണിക്ക് ഏട്ടനെ വിളിച്ചു എഴുനെല്പിക്കും . എന്നും നേരത്തെ എഴുനെല്‍ക്കുന്ന അനൂപിന് അവധി ദിവസങ്ങളില്‍ നേരത്തെ എഴുനെല്കുക എന്ന് പറഞ്ഞാല്‍ വലിയ സങ്കടം തന്നെ . പക്ഷെ അനിയത്തിടെ കാര്യം ആയതു കൊണ്ടു അവന് വേഗം തന്നെ എഴുനേറ്റു റെഡി ആയി.
അവളുടെ റൂം തുറന്നു കിടക്കുന്നുണ്ടായിരുന്നു. പുറത്തു നിന്നു കൊണ്ടു തന്നെ വിളിച്ചു പറഞ്ഞു " ആതിരേ ഞാന്‍ റെഡി. നീ ഇന്നും ലേറ്റ് ആണ് കേട്ടോ". " കഴിഞ്ഞു ഏട്ടാ, ഞാന്‍ ബുക്ക്‌ എടുക്കട്ടെ. ". റൂമിന് അകത്ത് പോയി നിന്നു കൊണ്ടു അവളുടെ വയലിന്‍ എടുകുംബോഴാന്‍ അവന്‍ കണ്ടത്‌, അവളുടെ ബുക്കില്‍ അവള്‍ കുറെ മയില്‍ പീലികള്‍ വെക്കുകയായിരുന്നു.
" അയ്യട കെട്ടിച്ചു വിടാരായി, എന്നിട്ടും കൊച്ചു കുട്ടികളെ പോലെ മയില്‍ പീലിയും എടുത്ത്‌ ചുറ്റുന്നു. എന്തിനാ ആതി മോളെ ഇതു ".
" ഏട്ടാ, കളിയാക്കണ്ട, ഞാന്‍ മയില്‍പ്പീലികള്‍ പെരുകിയോ എന്ന് നോക്കുകയായിരുന്നു. നിമിഷ പറഞ്ഞു, വെയില്‍ തട്ടാതെ എടുത്ത്‌ വെച്ചാല്‍ മയില്‍ പീലികള്‍ പെരുകും എന്ന്."
" ഓ ഒരു നിമിഷ, പൊടി അവിടുന്ന്, നീ വേഗം വാ, സമയം ആയി ".
ആതിര ഏഴാം ക്ലാസ്സിലാണ്. അനൂപ്‌ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. അവര്‍ തമ്മില്‍ വലിയ പ്രായ വിത്യാസം ഉണ്ടെങ്കിലും ഏട്ടന്‍ അവളുടെ ഏറ്റവും നല്ല കൂട്ടുകാരന്‍ തന്നെ ആണ്.
അവരുടെ അച്ചന്‍ ഒരു സ്വകാര്യ ബാങ്കിലെ മാനേജര്‍ , അമ്മ വീട്ടില്‍ തന്നെ കുട്ടികള്ക്ക് നൃത്തം അഭ്യസിപിക്കുന്നു. ഒരു ചെറിയ സന്തുഷ്ട കുടുംബം.
ഏട്ടനെ പോലെ പഠിക്കാന്‍ മിടുക്കിയല്ലെങ്ങിലും ആതിര ഒരു വലിയ കലാകാരിയാവും എന്നാണു എല്ലാവരും പറയുന്നത്. പാട്ടു, നൃത്തം, കഥാപ്രസംഗം, എന്ന് വേണ്ട എല്ലാ മേലകളിലും അവള്‍ സ്കൂളിന്റെ അഭിമാനമാണ്.

മക്കള്‍ക്ക്‌ ആവശ്യത്തില്‍ കൂടുതല്‍ സ്വാന്തന്ത്ര്യം കൊടുത്താണ് ആതിരയുടെയും അനൂപിന്ടെയും അച്ഛനും അമ്മയും അവരെ വളര്‍ത്തുന്നത്. അവര്‍ അവര്ക്കു ഒരുപാടു സ്വകാര്യതയും അനുവദിച്ചു കൊടുത്തിട്ടുണ്ട്. ആതിര റൂം അടച്ചു കമ്പ്യൂട്ടറിന്റെ മുമ്പില്‍ എപ്പോഴും ഇരിക്കുനത്ത് അവര്ക്കു അറിയാം, പക്ഷെ അവര്‍ അവളെ അതില്‍ നിന്നു പിന്തിരിപ്പിക്കാറില്ല. അമിത നിയന്ത്രണം കുട്ടികളെ വഴി തെറ്റിക്കും എന്നാണു ആ മാതാ പിതാക്കളുടെ ധാരണ.

എന്തായാലും ആ കുടുംബത്തില്‍ സന്തോഷത്തിന്‍ ഒട്ടും കുറവില്ലായിരുന്നു.

ഇപ്പൊ കുറച്ചു ദിവസങ്ങലായിട്ടു ആതിരയില്‍ ഒരു മാറ്റം . അനൂപ്‌ അത് ശ്രദ്ധിച്ചു. പക്ഷെ അനിയത്തിയോട് ഒന്നും ചോദിച്ചില്ല. എപ്പോഴും കലപില സംസാരിക്കാറുള്ള അവള്‍ പെട്ടെന്ന് സൈലന്റ് മോഡില്‍ ആയതു പോലെ , ഒരു മിണ്ടാട്ടം ഇല്ലാതെ..... ഇവള്‍ എന്താ ഇങ്ങനെ, അവന്‍ അമ്മയോട് ചോദിച്ചു. അമ്മയും അത് ശ്രദ്ധിച്ചിരുന്നു.
അമ്മ പക്ഷെ അതിനെ വലിയ കാര്യമാക്കിയില്ല. പഠിത്തം കൂടുല്‍ ഉള്ളത് കൊണ്ടായിരിക്കാം എന്ന പറഞ്ഞു സമാധാനിച്ചു.
ഒരു ദിവസം അവള്‍ മുറ്റത്തെ ചാരൂ കസേരയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു പുസ്തകം. പഠിക്കുകയാണെന്നു കരുതി അനൂപ്‌ ആദ്യം. പിന്നെയും സൂക്ഷിച്ചു നോക്കിയപ്പോഴാന്‍ അറിഞ്ഞത് അവള്‍ മയില്‍ പീലികളെ തലോടി കൊണ്ടിരിക്കുകയാണെന്ന്. അവന്‍ അവളുടെ അരികില്‍ ചെന്നു നിന്നു. " ആതി , പരീക്ഷ അടുത്തില്ലേ മോളെ, പഠിക്കാന്‍ ഒന്നും ഇല്ലേ ?"
അതിന് മറുപടി അവള്‍ പറഞ്ഞില്ല, അതിന് പകരം ഒരു ചോദ്യം " ഏട്ടാ, ചുവന്ന മയില്‍ പീലികള്‍ ഉണ്ടാവുമോ ?"
അവന്‍ അവളെ തുറിച്ചു നോക്കി പറഞ്ഞു, ' നിനക്കു ശെരിക്കും എന്താ ? വട്ടായോ ? ചുവന്ന മയില്‍ പീലി, അങ്ങനെ ഒന്നു ഈ ഭൂലോകത്ത് ഉണ്ടാവില്ല . "
" ഏട്ടന്‍ എന്തിനാ ചൂടാവുന്നെ, ഞാനൊരു സംശയം ചോദിച്ചതല്ലേ ? "
ഒന്നു അമര്‍ത്തി മൂളിയിട്ട് അവന്‍ അവിടെ നിന്നു പോയി.

അന്നൊരു ശനിയാഴ്ച , അനൂപ്‌ തന്നെയാണ് അവളെ വയലിന്‍ ക്ലാസ്സില്‍ കൊണ്ടാക്കിയത്‌. അവളുടെ കയ്യില്‍ പതിവായി എടുക്കാറുള്ള ബുക്കും ഉണ്ടായിരുന്നു. അവള്‍ അന്ന് പതിവില്‍ കൂടുതല്‍ സന്തോഷവതിയായിരുന്നു എന്ന് തോന്നി അനൂപിന് .

അന്ന് നേരം കുറെ വൈകിയിട്ടും ആതിര വീട്ടില്‍ വന്നില്ല. സാധാരണ നിമിഷടെ കൂടെ അവള്‍ ഒരു മണിക്ക് വീടെത്തും. ഇന്നു രണ്ടു മണിയായിട്ടും അവളെ കണ്ടില്ല. നിമിഷയെ വിളിച്ചു അനൂപ്‌, അവള്‍ വീട്ടില്‍ എത്തിയിരിക്കുന്നു.
" നിമിഷ എത്ര മണിക്ക് വീടെത്തി "
" ഒരു മണിക്ക് ഏട്ടാ ."
" ആതിര എവിടെ നിമിഷേ ? "
" ഏട്ടാ, ............."
" പറയു നിമിഷ, എന്താ, അവള്‍ എവിടെ ". അനൂപിന്‍ വല്ലാത്ത പിരിമുറുക്കം.

" ഏട്ടാ, അത്, ................അവള്‍ ഇന്നു ആ ഫ്രെണ്ടിനെ കാണാന്‍ പോയി ".

" ഏത് ഫ്രെണ്ടിനെ ?"

" ഓണ്‍ലൈനില്‍ അവള്‍ പരിചയപെട്ട " ചുവന്ന മയില്‍പ്പീലികള്‍ " എന്ന് പേരുള്ള ഒരു ഫ്രെണ്ടിനെ "

" "ചുവന്ന മയില്‍പ്പീലികള്‍" , ഒരു ഓണ്‍ലൈന്‍ പേരു, ഇതു ഒരു ആണോ പെണ്ണോ, അതെങ്കിലും അറിയുമോ നിങ്ങള്ക്ക് "


" എനിക്കറിയില്ല, അവള്‍ക്കും അറിയില്ല എന്ന് തോന്നുന്നു . ഇന്നു നേരില്‍ കാണാം എന്ന് പറഞ്ഞിട്ട് അവള്‍ പോയിരിക്കുകയാ . ഏട്ടനോട് പറയാതെ പോവുന്നതില്‍ വളരെ സങ്കടം ഉണ്ടായിരുന്നു അവള്ക്ക് . പക്ഷെ ചുവപ്പ് മയില്‍‌പീലി തരാം എന്ന് പറഞ്ഞുവത്ത്രെ അവളുടെ ഫ്രെണ്ട്. അതും കൊണ്ടു വന്നു ഏട്ടന്‍ സര്‍പ്രൈസ് കൊടുക്കാം എന്ന് പറഞ്ഞിട്ടാന്‍ അവള്‍ പോയത് ".

ആ ഫോണ്‍ കാള്‍ കഴിഞ്ഞ ശേഷം അച്ഛനും അമ്മയും അനൂപും കുറച്ചു നേരം തരിച്ചു ഇരുന്നു. മൂന്ന് പേരുടെ മനസ്സിലും അരുതാത്ത കുറെ ചിന്തകള്‍. പക്ഷെ അവര്‍ അത് പരസ്പരം പറഞ്ഞില്ല. മാത്രമല്ല നിമിഷയല്ലാതെ ആതിയുടെമറ്റൊരും ഫ്രെണ്ടിനെയും അവര്‍ക്കറിയില്ല. ഇങ്ങനെ ഒരു ഓണ്‍ലൈന്‍ ഫ്രെണ്ട് അവള്‍ക്ക്‌ ഉണ്ടെന്നും കൂടി അവര്‍ അറിഞ്ഞിരുന്നില്ല. ഇനി അതോര്‍ത്തിട്ടു കാര്യമില്ല എന്ന് മനസിലാക്കിയ അനൂപ്‌ നിമിഷ പറഞ്ഞ സ്ഥലത്തേക്ക് വാണം വിട്ട പോലെ പോയി.
പണി തീരാത്ത ഒരു ബഹുനില കെട്ടിടം. അവിടെ പണി മുടങ്ങിയിട്ട് ഇപ്പൊ മാസം കുറച്ചു ആയി. ഇവിടെയാണോ ആതി ഫ്രെണ്ടിനെ കാണാന്‍ വന്നത്.
അവന്‍ ആ കെട്ടിടത്തിന്‍ അകത്ത് കേറി. ആദ്യത്തെ നിലയില്‍ വെറും പാര്‍കിംഗ് ഏരിയ . അവന്‍ പടികെട്ടിലൂടെ മുകളിലത്തെ നിലയില്‍ കേറാന്‍ തുടങ്ങി. അവന്റെ ഹൃദയ മിടിപ്പും, ഷൂസ് ഇട്ട കാലൊച്ചയും മാത്രമാണ് അവിടെ കെട്ട് കൊണ്ടിരുന്നത്. അവന്‍ അവിടെ ആരും ഉള്ളതായി തോന്നിയില്ല. ഒരു നിലയില്‍ നിന്നു മറ്റൊരു നിലയിലേക്ക് അവന്‍ കേറി കൊണ്ടേ ഇരുന്നു. എവിടെയും ആതിരയെ കണ്ടില്ല. നാലാം നിലയില്‍ എത്തിയപ്പോള്‍ താഴെ ഒരു വെളുത്ത സാധനം കിടക്കുന്നു ,എന്തെന്ന് സൂക്ഷിച്ചു നോക്കി, ആതിയുടെ ഫ്രോക്കിന്റെ ഒരു ചെറിയ തുണ്ടായിരുന്നു അത്.

അവള്ക്ക് എന്തോ വിപത്ത് സംഭാവിച്ച്ച്ചിടുണ്ട് . അവന്റെ മനസ്സില്‍ ആരോ ഇരുന്നു പറയുന്ന പോലെ. അവന്‍ അവളുടെ പേരു ഉറക്കെ വിളിച്ചു നടന്നു . ഒരു അടഞ്ഞ മുറിയുടെ മുമ്പില്‍ എത്തി നിന്നു അവന്റെ തിരച്ചില്‍. ആ വാതില്‍ തുറക്കാന്‍ അവന്റെ കൈകള്‍ക്ക് ബലം ഇല്ലാത്തത് പോലെ. അപ്പോഴേക്കും അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. എങ്ങനെയോ വാതില്‍ തള്ളി തുറന്നു .
ഉള്ളില്‍ അവന്‍ കണ്ട കാഴ്ച , അവന്റെ സമനില തെറ്റിച്ചു .
അവന്റെ പോന്നനിയത്തി ചോരയില്‍ കുളിച്ചു, .........................
ഒരു കശക്കി എറിയപ്പെട്ട പൂവിനെ പോലെ , അല്ല അവള്‍ പൂവായിരുന്നില്ലല്ലോ, വെറും ഒരു പൂ മോട്ടായിരുന്നില്ലേ ?
അവളുടെ അടുത്ത്‌ കുറെ മയില്‍ പീലികള്‍ചിതറി കിടക്കുനുണ്ടായിരുന്നു. അവന്‍ അതില്‍ സൂക്ഷിച്ചു നോക്കി , ഈ മയില്‍ പീലികള്‍ക്ക് ഇപ്പൊ ചുവന്ന നിറം. അവളുടെ ചോരയുടെ ചുവപ്പ്....................

------------------------
ഈയിടെയായി ഇങ്ങനെയുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിന് ആരെയാണ് നമ്മള്‍ കുറ്റക്കാര്‍ ആക്കുക്ക? എന്റെ അഭിപ്രായം നമ്മുടെ നിയമം തന്നെയാണ് ഇതിന്‍ പ്രധാന കാരണം എന്നാണു.
ഒന്നും അറിയാത്ത പിഞ്ചു കുട്ടികളെ പീടിപിക്കുന്ന "ക്രൂര മൃഗങ്ങളെ" ( എനിക്ക് വേറെ ഒരു രീതിയിലും അവരെ വിശേഷിപ്പിക്കാന്‍ കഴിയില്ല ) നമ്മുടെ നിയമം എന്ത് കൊണ്ടു തൂക്കി കൊല്ലുന്നില്ല. നിയമത്തിനെ വെല്ലു വിളിക്കുകയല്ല, പക്ഷെ നിയമത്തില്ലുള്ള ദാക്ഷിണ്യം കാരണമല്ലേ ഇങ്ങനെയുള്ള സംഭവങ്ങള്‍ കൂടി കൊണ്ടേ ഇരിക്കുന്നത്?.
നമ്മുടെ മക്കളോട് നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമോ , " പൊന്നും കുടമേ , ഇവിടെ നീ സുരക്ഷിതയാണ് എന്ന് ?"
- കണ്ണീരോടെ ചുവന്ന മയില്‍ പീലികള്‍.