വ്യാഴാഴ്‌ച, മാർച്ച് 18, 2010

( തനി ) നിറം

നിറങ്ങളുടെ വിസ്മയ കാഴ്ച്ച എത്ര നേരം നോക്കിയിരുന്നു എന്ന് തന്നെ അവന്‍ അറിഞ്ഞില്ലാ. അവര്‍ ഒരുമിച്ചു കണ്ട , കാണാറുള്ള സ്വപ്നം, അവരുടെ കൊച്ചു വീട്, വീടിനു മുമ്പിലുള്ള പൂന്തോട്ടം, പൂന്തോട്ടത്തില്‍ കൊച്ചു സൈക്കിളില്‍ കളിക്കുന്ന അവരുടെ ഉണ്ണി, അതിനടുത്ത് മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടിയാടുന്ന അമ്മു മോള്‍. ചിത്രത്തില്‍ സ്നേഹവും, സന്തോഷവും തുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ അവന്‍ സ്വപ്നത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നു. അവള്‍ ചൂടിയ മുല്ല പൂവിന്റെ മണം അവിടെ ആകെ ഒരു സ്വര്‍ഗീയ അനുഭൂതി വരുത്തുന്ന പോലെ. അവളെ ചേര്‍ത്തു പിടിച്ചു കൊണ്ടവന്‍ പറഞ്ഞു " നിനക്കറിയോ, എത്ര ഭാഗ്യവാനാണ് ഞാന്‍ എന്ന്. ഇത്രയും കഴിവുള്ള നീയാണ് എന്റെ ജീവിത സഖിയാവാന്‍ പോവ്വുന്നത് എന്ന് വിചാരിക്കും തോറും എനിക്ക് എന്നില്‍ തന്നെ അസൂയ തോന്നുന്നു". അവളെ പതുക്കെ അവന്റെ അടുത്തു ചേര്‍ത്തിരുത്തി കൊണ്ടവന്‍ തുടര്‍ന്നു " നിറങ്ങളെ കൊണ്ട് നീ എന്തൊക്കെ മായ ജാലങ്ങലാണ് ഒരുക്കുന്നത്. നിറങ്ങള്‍ നിന്റെ അടിമകളാണ്, ഇതാ എന്നെ പോലെ ". പറഞ്ഞു നിര്‍ത്തി അവളെ വാരി എടുത്തു അവന്‍. ലോകം മുഴുവന്‍ തന്റെ കാല്‍ കീഴില്‍ ആണ് എന്ന് തോന്നി പോയി അവള്‍ക്കു.

കുറച്ചു നാള്‍ കഴിഞ്ഞപ്പോ അവര്‍ വിവാഹിതരായി. സന്തോഷവും , സ്നേഹവും , നിറങ്ങളും നിറഞ്ഞ ദിനങ്ങളും , മാസങ്ങളും കടന്നു പോയി.
വിവാഹിതയായ ഏതൊരു പെണ്ണും അതിയായി ആഹ്ലധിക്കുന്ന ആ നിമിഷം. താന്‍ അമ്മയാവാന്‍ പോകുന്നു എന്നറിയുന്ന ആ സുവര്‍ണ നിമിഷം. അത് അവളുടെ ജീവിതത്തിലും ഉണ്ടായി. സന്തോഷം കൊണ്ടവള്‍ വീര്‍പ്പുമുട്ടി. വിവരം അവനെ അറിയിക്കാന്‍ അവള്‍ക്കു തിടുക്കമായി. അവന്‍ ആയിരുന്നുവല്ലോ ഉടനെ കുട്ടികള്‍ വേണം എന്ന് നിര്‍ബന്ധം. പക്ഷെ അവള്‍ അത് അവന്‍ ഒരു വലിയ സര്‍പ്രൈസ് തന്നെ ആക്കാന്‍ തീരുമാനിച്ചു.
അന്ന് ഓഫീസിലേക്ക് പോവാന്‍ അവള്‍ക്കു പ്രത്യേക ഉത്സാഹം ഒന്നുമില്ലായിരുന്നു. എന്നാലും ലീവേടുത്തില്ല. കുറച്ചു നേരം ഓഫീസില്‍ ഇരുന്നു എന്തോക്കൊയോ ചെയ്തെന്നു വരുത്തി അവള്‍ നേരത്തെ തന്നെ ഇറങ്ങി.
വല്ലതും കാര്യമായിട്ട് വെച്ചു ഉണ്ടാകീട്ട്‌ ദിവസങ്ങള്‍ കുറച്ചായി. ഓഫീസില്‍ തിരക്കേറിയ പണി തന്നെ പ്രധാന കാരണം. ഫ്രിഡ്ജില്‍ ഇരിക്കുന്ന ബാക്കി വന്ന കറികള്‍ തന്നെ വച്ചു അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് പാവം അവനും. ഇന്നും കൂടി ഒന്ന് അഡ്ജസ്റ്റ് ചെയട്ടെ. ഇന്ന് ആ പെയിന്റിംഗ് മുഴുമിക്കണം. " ഗുഡ് ന്യൂസ്‌ " ആ പൈന്റിങ്ങിലൂടെ അവനെ അറിയിക്കണം. അവള്‍ തീരുമാനിച്ചു.
വീട്ടില്‍ എത്തിയപ്പോ ടീ. വീ . ചാന്നലുകള്‍ മാറ്റി മാറ്റി ഇട്ടു കൊണ്ട് അവന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
വേഗം ഒരു ചായ ഉണ്ടാക്കി കൊടുത്തു അവള്‍ അവന്‍. എന്നിട്ട് നേരെ പോയി അവളുടെ മുറിയിലേക്ക്. ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞു പുറത്തു വന്നു.
അപ്പോഴും ടീ. വീ നോക്കി ഇരിക്കുകയായിരുന്നു അവന്‍. പതുക്കെ അവള്‍ അവനെ പുറകില്‍ നിന്ന് കെട്ടി പിടിച്ചു കൊണ്ട് അവള്‍ വരച്ച ചിത്രം അവന്‍ നേരെ നീട്ടി.
ഇതിനു മുംബ് ഒരിക്കലും അവള്‍ കാണാത്ത ഒരു ഭാവമായിരുന്നു അവന്റെ മുഖത്തു. ചിത്രം തട്ടി താഴെ ഇട്ടു അവന്‍. എന്നിട്ട് അവളോട്‌ ദേഷ്യത്തോടെ പറഞ്ഞു " നീ എന്താ വിചാരിച്ചിരിക്കുന്നത്. ഇത്ര നാള്‍ നിനക്ക് ഓഫീസില്‍ തിരക്കാണെന്ന് പറഞ്ഞ് , പഴകിയ സാധനങ്ങള്‍ കഴിച്ചു ഞാന്‍ അഡ്ജസ്റ്റ് ചെയ്തു . ഇന്ന് നീ നേരത്തെ വന്നപ്പോ വല്ലതും വെച്ച്ചുണ്ടാക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ അതൊന്നും ചെയ്യാതെ നീ കേറിയിരുന്നു ഒന്നിനും കൊള്ളാത്ത ചിത്രം വരച്ചു സമയം കളഞ്ഞു. നീ ഒരു ഭാര്യയാണ്, ചിത്രകാരിയൊന്നും അല്ല. അത് മറക്കണ്ട ". അവള്‍ക്കു മനസ്സില്ലാവാത്ത ഭാഷയില്‍ എന്തോ പറയുന്ന പോലെ അവള്‍ അവനെ നോക്കി നിന്നു. തട്ടിയിട്ട ചിത്രം അവളുടെ കയ്യില്‍ ഉണ്ടായിരുന്നു. അവളുടെ കണ്ണുകളില്‍ നിന്നു ഒഴുകി വീഴുന്ന കണ്ണീര്‍ തുള്ളികള്‍ ആ ചിത്രത്തിലെ നിറങ്ങളെ അവിടെ നിന്നു പറഞ്ഞയച്ചു കൊണ്ടിരുന്നു.
പിന്നൊരിക്കലും നിറങ്ങളെ അവള്‍ അവളുടെ " അടിമകള്‍" ആക്കിയില്ലാ. പകരം അവള്‍ ഒരു " നല്ല ഭാര്യ " ആയി .