ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2009

വിശ്വാസം

പെയ്തു തോര്‍ന്ന മഴയുടെ ഒരു അടയാളവും ഇല്ലാതെ ആകാശം നിറയെ നക്ഷത്ര പൊട്ടുകള്‍ . അതിന്‍ ഇടയില്‍ തങ്ങളെ തന്നെ നോക്കി ചിരിക്കുകയാണ് ചന്ദ്രന്‍ എന്ന് തോന്നി അവള്ക്ക്. നോക്കിയിരിക്കെ അതാ ഒരു നക്ഷത്രം വീഴുന്ന പോലെ. അത് പറയാന്‍ അവള്‍ തുടങ്ങവേ അവന്‍ പറഞ്ഞു, " നീ കണ്ടുവോ ഇന്നു ആകാശത്തില്‍ ഒരു നക്ഷത്രം പോലും ഇല്ല. കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം അല്ലെ ".
അത് കേട്ടിട്ട് അവള്‍ ആകാശത്തിലേക്ക് നോക്കി, അവള്‍ക്ക്‌ നക്ഷത്രങ്ങള്‍ കാണാം . ഉടനെ അവള്‍ കണ്ണടച്ചു, " എനിക്ക് തോന്നുന്നതാവും, നക്ഷത്രങ്ങള്‍ ഇല്ല. അവന്‍ പറയുന്നതാന്‍ ശരി , കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം . " അവള്‍ കണ്ണടച്ചു നടന്നു.

പിന്നൊരിക്കല്‍ അവള്‍ അവന്റെ കൂടെ ക്ഷേത്രത്തില്‍ പോകവേ മുല്ല പൂക്കള്‍ കെട്ടുന്ന ഒരു വൃദ്ധയെ കണ്ടു. മുല്ല പൂക്കള്‍ വാങ്ങണം എന്ന് ആഗ്രഹിച്ചെങ്ങിലും അത് അവനോടു പറഞ്ഞില്ല. മുല്ല പൂവിന്റെ മണം അവിടെ ഒക്കെ പരന്നു നില്കുന്നതായി തോന്നി അവള്ക്ക്.
തിരിച്ചു വരവേ അവന്‍ ചോദിച്ചു, " അവിടെ ഒരു വൃദ്ധ പിച്ചി പൂവ് കേട്ടുനുണ്ടായിരുന്നുവല്ലോ , നിനക്കു വേണമായിരുന്നോ ?" അവള്‍ അത് കേട്ടിട്ട് ഓര്ത്തു , " ഞാന്‍ മുല്ലയാണല്ലോ കണ്ടത്, അത് പിച്ചിയായിരുന്നുവോ, ആയിരിക്കും, എനിക്ക് തെറ്റിയതാവും ". മുല്ല പൂവിന്റെ മണം അറിയാതിരിക്കാന്‍ അവള്‍ മൂക്കടച്ച്ചു നടന്നു.

ഒരു വൈകുന്നേരം അവന്റെ കയ്യും പിടിച്ചു നടക്കവേ ദൂരെ കണ്ട തീവണ്ടിപ്പാളം ചൂണ്ടി അവന്‍ പറഞ്ഞു അതില്‍ തീവണ്ടികള്‍ വരാറില്ല അറിയോ . അവള്‍ ഓര്ത്തു " അപ്പൊ ഇന്നലെ ഇതു വഴി പോവുമ്പോ ഞാന്‍ കണ്ടത്ത് എന്തായിരുന്നു". ദൂരെ ഒരു തീവണ്ടിയുടെ ചൂളം അവള്‍ കേട്ടപ്പോ അവള്‍ ചെവി പൊത്തി. " ഇതില്‍ തീവണ്ടി വരില്ല " . അവള്‍ ചെവി പൊത്തി നടന്നു.

ഒരു സുപ്രഭാതത്തില്‍ അവളുടെ മൊബൈല് ഫോണില്‍ അവന്‍ വേണ്ടി മാത്രം സെറ്റ് ചെയ്ത റിംഗ് കേട്ടിട്ടാണ് അവള്‍ എണീറ്റത്‌.
പെട്ടെന്ന് വരണം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു. അവള്‍ വേഗം അണിഞ്ഞൊരുങ്ങി അവന്റെ മുമ്പില്‍ എത്തി.

അവന്റെ കൂടെ ഒരു പെണ്ണ് . ഇവള്‍ ആരാണ് എന്ന് ചോദിക്കുമ്പോലെ അവനെ നോക്കി അവള്‍.
അവന്‍ ആ പെണ്ണിനെ പരിചയ പെടുത്തി. " ഇതു മായ, ഇന്നലെയാണ് ലണ്ടനില്‍ നിന്നു വന്നത്, എന്റെ അമ്മാവന്റെ മോള്‍ . ലണ്ടനില്‍ നല്ല ജോലിയുണ്ട് ഇവള്‍ക്ക് . മൂന്ന് ആഴ്ച കഴിഞ്ഞു തിരിച്ചു പോവും . അതിനിടയില്‍ ഞങ്ങളുടെ കല്യാണം നടത്തണം എന്ന് വീട്ടുക്കാര്‍ തീരുമാനിച്ചു. നീ എന്റെ "ബെസ്റ്റ് ഫ്രണ്ട്" അല്ലെ . അത് കൊണ്ടു നിന്നോട് തന്നെ ഈ കാര്യം ആദ്യം പറയണം എന്ന് തോന്നി.
ഒന്നും മിണ്ടാന്‍ ആവാതെ അവള്‍ നിന്നു, " ഞാന്‍ "ബെസ്റ്റ് ഫ്രണ്ട്" മാത്രം ആയിരുന്നുവോ, ആയിരിക്കാം, അവന്‍ പറയുന്നത് ശരിയായിരിക്കാം, എനിക്കല്ലേ തെറ്റ് പറ്റിയത്‌. വേണ്ടാത്തതൊക്കെ ആലോച്ച്ചിച്ച്ചു കൂട്ടിയത്‌ ഞാന്‍ തന്നെ ആയിരിക്കും ".
അപ്പോഴും അവള്‍ അവന്‍ പറഞ്ഞത് മാത്രം കെട്ട്. അവള്‍ ഒന്നും മിണ്ടിയില്ല. അവള്‍ മിണ്ടാതെ നടന്നു.

അന്ന് രാത്രി തീവണ്ടികള്‍ വരില്ല എന്ന് പറഞ്ഞ തീവണ്ടി പാലത്തില്‍ കൂടി അവള്‍ നടന്നു. അവനില്‍ അവളുടെ വിശ്വാസത്തിനെ തെറ്റാക്കി കൊണ്ടു ഒരു തീവണ്ടി അതിലുടെ വന്നു, അവളെയും കൊണ്ടു പോയി............................

---------------------

ഇതു വിശ്വാസം അല്ല
, വിഡ്ഢിത്തം അല്ലെ ?

ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

മഴ

മഴയെ ഒരു പാട് ഇഷ്ട്ടമായിരുന്നു അവള്ക്ക് .
പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയത്‌ മുതല്‍ , മഴ പെയ്യുമ്പോള്‍ അവള്‍ ഓടി മുറ്റത്തെത്തും. മഴ അവളുടെ പ്രിയ കളികൂടുക്കാരിയായിരുന്നു. മുഖം മേലോട്ട് ഉയര്‍ത്തി പിടിച്ചു അവള്‍ മഴ തുള്ളികളെ ഉമ്മ വെക്കും, മഴ തുള്ളികള്‍ അവളെ തിരിച്ചും.
കുട്ടിക്കാലത്ത് മഴ തുള്ളിയെ കളിക്കാന്‍ കൂട്ട് കൂട്ടി, വലുതായപ്പോ അവള്‍ മഴയെ പ്രണയിച്ചു തുടങ്ങി . ഇടി വെട്ടുമ്ബൊഴ് അവള്‍ക്ക്‌ സന്തോഷമായിരുന്നു, മഴ വരുന്നതിന്റെ സൂചനയല്ലേ അത്.

പതിനെട്ടു മഴക്കാലങ്ങള്‍ അവള്‍ പിന്നിട്ടപൊഴ്, അവളുടെ ജീവിതത്തില്‍ ഒരു മാറ്റം. അവള്‍ വിവാഹിതയായി.

ഇപ്പൊ അവളുടെ ജീവിതത്തില്‍ എന്നും മഴക്കാലം. കാര്‍മേഘങ്ങള്‍ അവളുടെ മനസ്സിലാണ്, നിര്‍ത്താതെ പെയുന്ന മഴ അവളുടെ കണ്ണുകളിലും. ഇപ്പൊ ഇടി വെട്ടുന്നത് കേട്ടാല്‍ അവള്‍ ഓടും, പുറത്തെക്കല്ല, അകത്തേക്ക്..............അവളുടെ വീട്ടിലെ മേല്‍കൂര ചോരുന്നുണ്ട്. അതിന്‍ താഴെ മണ്‍ ചെട്ടികള്‍ നിരത്താനുള്ള ബദ്ധപാട്ടിലാണ് അവള്‍ ...................
_______________
ചില പേര്‍ ആസ്വധിക്കുനത് മറ്റ് ചില പേരുടെ വേദന . വീട്ടിന്റെ ഉള്ളിലിരുന്നു മഴയെ നൊക്കുമ്ബൊഴ് നല്ല രസമായിരിക്കും, പക്ഷെ അതെ മഴയില്‍ നനഞ്ഞു ഒരു ഇടത്താവളം ഇല്ലാത്ത എത്രയോ പേര്ക്ക് മഴ അത്ര രസമില്ലാത്ത ഒരു പ്രതിഭാസം മാത്രം.